കോട്ടയം : കോട്ടയം പനച്ചിക്കാട്ട് വീടിന്‍റെ രണ്ടാം നില പണിയുന്നതിന് കെ റെയിലിന്‍റെ അനുമതി വേണമെന്ന നിലപാട് തിരുത്തി പഞ്ചായത്ത് സെക്രട്ടറി. നിർമാണങ്ങൾക്ക് അനുമതി വേണ്ടെന്ന് കെ റെയില്‍ വ്യക്തമാക്കിയതോടെയാണ് പഞ്ചായത്ത് സെക്രട്ടറി നിർമാണത്തിന് അനുമതി നൽകിയത്. വീട് ബഫർ സോൺ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് സെക്രട്ടറി ആദ്യം അനുമതി നിഷേധിച്ചത്.
വീടുപുതുക്കി പണിയുന്നതിന്‍റെ ഭാഗമായാണ് പനച്ചിക്കാട് സ്വദേശി ജിമ്മി പനച്ചിക്കാട് പഞ്ചായത്തിൽ അനുമതി തേടിയെത്തിയത്. എന്നാൽ നിർദിഷ്‌ട കെ റെയിൽ സഞ്ചാര പാത കടന്നുപോകുന്നു എന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നല്‍കിയില്ല. എൻഒസി ആവശ്യപ്പെട്ട് കെ റെയിലിന് സെക്രട്ടറി അയച്ച കത്ത് പുറത്തുവന്നതോടെ സംഭവം വിവാദമായി.
ഇതോടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കെ റെയിലും രംഗത്തെത്തി. നിർമാണ പ്രവർത്തനങ്ങൾക്ക് കെ റെയിലിന്‍റെ അനുമതി വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിക്കായി ഒരിടത്തും സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും സാമൂഹിക ആഘാത പഠനം മാത്രമാണ് നടക്കുന്നതെന്നും കെ റെയിൽ വിശദീകരിച്ചു.
ഇതോടെയാണ് പഞ്ചായത്ത് സെക്രട്ടറി നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. സർക്കാർ ഉത്തരവിലെ അവ്യക്തത മൂലമാണ് കാലതാമസം നേരിട്ടതെന്നാണ് പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്‍റെ വിശദീകരണം. സംഭവം വിവാദമായതിന് പിന്നാലെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനച്ചിക്കാട് പഞ്ചായത്തിൽ ഉപരോധ സമരം നടത്തിയിരുന്നു. ഭരണം നടത്തുന്ന യുഡിഎഫുമായി ചേർന്ന് പഞ്ചായത്ത് സെക്രട്ടറി കെ റെയിൽ സമരം കൊഴുപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നായിരുന്നു സിപിഎം ആരോപണം.