കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ഇടുക്കി ജില്ലാ പ്രസിഡന്‍റ് എം ജെ ജേക്കബിന് വക്കീല്‍ നോട്ടീസ്. ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെ വ്യാജപ്രസ്‌താവന നടത്തിയെന്ന് ആരോപിച്ച് കേരളാ കോൺഗ്രസ് പ്രാദേശിക നേതാവ് ജോഷി ജോർജാണ് 50 ലക്ഷം രൂപയുടെ നോട്ടീസ് അയച്ചത്. ഇക്കഴിഞ്ഞ 16ന് കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ്(എം) സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സമിതിയില്‍ അംഗമല്ലാത്ത ജോഷി ജോർജ് പങ്കെടുത്തതായി ഒരു ചാനല്‍ ചര്‍ച്ചയില്‍ ജേക്കബ് പറഞ്ഞുവെന്നാണ് ആരോപണം. ചാനൽ സംഭാഷണത്തിന്‍റെ വീഡിയോ സഹിതമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
താന്‍ പാർട്ടി സംസ്ഥാന സമിതി അംഗമല്ലെന്നും കോട്ടയം യോഗത്തിൽ പങ്കെടുക്കുകയോ ഹാജർ വെക്കുകയോ ചെയ്‌തിട്ടില്ലെന്നും ജോഷി പറഞ്ഞു. കോട്ടയം യോഗത്തിൽ യഥാർഥ അംഗങ്ങളല്ല പങ്കെടുത്തതെന്ന് വരുത്തി തീർക്കുവാനാണ് ജേക്കബ് തന്‍റെ പ്രസ്‌താവനയിലൂടെ ശ്രമിച്ചത്. തന്‍റെ പേര് പരസ്യമായി ചാനലിലൂടെ വിളിച്ചു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും വാര്‍ത്താ പ്രസ്ഥാവനയിലൂടെ ജോഷി വ്യക്തമാക്കി.