കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ പാർട്ടിയില്‍ പുതിയ പ്രതിസന്ധി. ജോസ് പക്ഷത്തിലെ മുതിർന്ന നേതാവും, പാർട്ടി ജനറൽ സെക്രട്ടറിയും ഉന്നതാധികാര സമിതി അംഗവുമായ ജോസഫ്.എം പുതുശേരിയുൾപ്പെടെ ഒരു വിഭാഗം ജോസിനെ വിട്ട് പി.ജെ ജോസഫിനൊപ്പം ചേർന്നു.
ജോസ് കെ. മാണിയുടെ ഇടതു പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് ജോസഫ് എം പുതുശേരിയുടെ കൂറുമാറ്റം. ജോസ് കെ. മാണിയുടെ എൽ.ഡി.എഫ് പ്രവേശനത്തിൽ പാർട്ടിക്കുള്ളിൽ നേതാക്കൾക്ക് വിയോജിപ്പുണ്ടന്നാണ് സൂചന. ഇത്തരത്തിലുള്ള നേതാക്കളെ അടർത്തിയെടുത്ത് തങ്ങൾക്കൊപ്പം ചേർക്കുകയെന്നതാണ് ജോസഫ് പക്ഷം ലക്ഷ്യം വയ്ക്കുന്നതും. നേരത്തെ കെ.എം മാണി യു.ഡി.എഫ് വിട്ടപ്പോഴും സ്വതന്ത്ര നിലപാട് എടുത്തിരുന്ന കേരളാ കോൺഗ്രസിൽ പൊട്ടിത്തെറികൾ ഉണ്ടായിട്ടില്ല. ജോസിന്‍റെ നിലപാടുകളിൽ തുടക്കം മുതൽ ജോസഫ് എം.പുതുശേരിക്ക് അതൃപ്തിയുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. വരുന്ന തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ സീറ്റ് ലക്ഷ്യം വച്ചിരിക്കുന്ന പുതുശേരിക്ക് ജോസിന്‍റെ എൽ.ഡി.എഫ് പ്രവേശം തിരിച്ചടിയാകും. ജോസഫ് എം.പുതുശേരിയുടെ കൂറ് മാറ്റത്തിന് ഇതും കാരണമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം ജോസഫ് എം. പുതുശേരി പാർട്ടി വിട്ടതിന്‍റെ കാരണം വ്യക്തമല്ലെന്നും, ഒരു വേദികളിലും അദ്ദേഹം പാർട്ടി തീരുമാനങ്ങളിൽ യാതൊരുവിധ വിയോജിപ്പുകളും നടത്തിയിട്ടില്ലെന്നും ജോസഫ് എം. പുതുശേരി തീരുമാനം പുന:പരിശോധിക്കണമെന്നും എൻ. ജയരാജ് എം.എൽ.എ കോട്ടയത്ത് പറഞ്ഞു. ഏതെങ്കിലും ഒരു നേതാവ് പോയാൽ തകരുന്ന പാർട്ടിയല്ല കേരളാ കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോസ് കെ. മാണിയുടെ എൽ.ഡി.എഫ് പ്രവേശം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ കൂടുതൽ പൊട്ടിത്തെറികൾ ജോസ് പക്ഷത്തിലുണ്ടാകുമെന്നാണ് സൂചന.