കോട്ടയം: മഴയ്‌ക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ തലപ്പലം ഗ്രാമപഞ്ചായത്തില്‍ വ്യാപകനാശം. മൂന്നാം വാര്‍ഡ് പൂവത്താനിയില്‍ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. വടക്കേപ്പറമ്പില്‍ നാരായണന്‍റെ വീടിന്‍റെ ആസ്ബറ്റോസ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. ചെരിവേറിയ പ്രദേശമായ ഇവിടെ ശക്തമായ കാറ്റില്‍ ഷീറ്റുകള്‍ പൂര്‍ണമായും വീടിന്‍റെ പിന്നിലേക്കാണ് മറിഞ്ഞ് വീണത്. കൊച്ചു കുട്ടിയടക്കം അഞ്ചോളം പേര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു.
ഷീറ്റുകള്‍ ബന്ധിപ്പിച്ചിരുന്ന കൊളുത്തുകളടക്കം തെറിച്ചുപോയി. ഷീറ്റ് അവശേഷിച്ച ചെറിയ ചായ്പ്പിലാണ് അഞ്ചംഗ കുടുംബം ഇപ്പോള്‍ കഴിയുന്നത്. കൊവിഡ് ദുരിതത്തിനിടെ, കുടുംബത്തിന് ലഭിക്കുന്ന ക്ഷേമപെന്‍ഷനുകള്‍ മാത്രമാണ് ആശ്രയം. പൂവത്താനിയില്‍ തന്നെയുള്ള കുഴിക്കണ്ടതതില്‍ മനു, താന്നിക്കാട്ട് മണി എന്നിവരുടെ വീടുകളും കാറ്റില്‍ തകര്‍ന്നു. വില്ലേജ് ഓഫിസര്‍ ഇന്ദുമോള്‍ കെ.എസ്, പഞ്ചായത്ത് എ.ഇ സാം ക്രിസ്റ്റി, വാര്‍ഡ് അംഗം അനുപമ വിശ്വനാഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.