കോട്ടയം: കോട്ടയം ജില്ലയിൽ ഞായറാഴ്‌ച പുലർച്ചെയും ശക്തമായ മഴ തുടർന്നു. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴയുണ്ട്. ഉരുൾപൊട്ടലിൽ നാല് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേരെ കാണാതായിട്ടുണ്ട്.
ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും മഴ തുടരുന്നു. ഇവിടെ എട്ട് പേരെയാണ് കാണാതായത്. എട്ടു പേരിൽ അഞ്ചും കുട്ടികളാണ്. കൊക്കയാറില്‍ രാവിലെ തന്നെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. മന്ത്രിമാരായ വി.എൻ വാസവൻ, കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
കൂട്ടിക്കലിൽ 40 അംഗ സൈന്യം രക്ഷാപ്രവർത്തനത്തിനുണ്ട്. കൂട്ടിക്കലിന് പുറമേ മണിമലയും ഒറ്റപ്പെട്ട നിലയിലാണെന്നാണ് പുറത്തു വരുന്ന വിവരം. മണിമലയിലേക്കുള്ള റോഡുകൾ വെള്ളം കയറിയ അവസ്ഥയിലാണ്. പ്രദേശത്ത് ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി.
പാലായിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. മീനച്ചിലാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം ടൗണില്‍ ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. നിലവിലെ ജലനിരപ്പ് താഴുന്നിട്ടുണ്ട്. ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ഉം മീനച്ചിൽ താലൂക്കിൽ 13 ഉം കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 321 കുടുംബങ്ങളിലായി 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. മണിമല അടക്കം ജനങ്ങൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഹെലികോപ്‌റ്ററിൽ ഭക്ഷണമെത്തിയ്ക്കും. പുതുതായി അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
Also read: ദുരന്തക്കയത്തിൽ കൂട്ടിക്കൽ ; ഉരുൾപൊട്ടലിൽ ഇല്ലാതായത് ഒരു കുടുംബമൊന്നാകെ