കോട്ടയം : ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനായി ജില്ലയിലെ ഭക്ഷണശാലകൾക്ക് റേറ്റിംഗ് വരുന്നു. ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്‍റെ ഗുണനിലവാരവും സംബന്ധിച്ച് പൊതുജനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഫൈവ് സ്റ്റാർ വരെ റേറ്റിംഗ് നൽകാവുന്ന സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ 45 ഭക്ഷണശാലകളെയാണ് ഉൾപ്പെടുത്തുക.
വൃത്തിയിലും ഭക്ഷണത്തിന്‍റെ ഗുണത്തിലും മാറ്റങ്ങൾ വരുത്തുന്നതിനായി പാചകക്കാർ, വിളമ്പുന്നവർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് പരിശീലനവും ബോധവത്കരണവും നൽകും. റേറ്റിംഗ് കൃത്യമായി പരിശോധിക്കുന്നതിന് സംവിധാനമുണ്ടാകും. റേറ്റിംഗ് കുറവുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും.
സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള 'ഈറ്റ് റൈറ്റ് കാമ്പസ്' പദ്ധതിയിൽ കോട്ടയം കലക്‌ടറേറ്റ്, കാരിത്താസ് ആശുപത്രി, അരുവിത്തുറ സെന്‍റ് ജോർജ് കോളജ്, പാത്താമുട്ടം സെന്‍റ് ഗിറ്റ്‌സ് കോളജ് എന്നിവയെ ഉൾപ്പെടുത്തി. ഈ കാന്‍റീനുകളിൽ സുരക്ഷിത ഭക്ഷണം മാത്രമാണ് വിൽപ്പന നടത്തുന്നതെന്ന് ഉറപ്പുവരുത്തും. ഇവയുടെ പരിസരത്ത് പ്രവർത്തിക്കുന്ന കടകളിലും ഹോട്ടലുകളിലും ജംഗ് ഫുഡ് വിഭാഗത്തിൽപ്പെട്ട ഭക്ഷണത്തിന്‍റെ വിപണനം തടയും.
ALSO READ: കുഴിബോംബുകള്‍ മണത്ത് കണ്ടെത്തുന്നതില്‍ വിദഗ്‌ധന്‍ ; കംബോഡിയക്കാരുടെ ഹീറോ മഗാവയ്ക്ക് വിട
ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായുള്ള റൂക്കോ പദ്ധതി ജില്ലയിൽ വ്യാപകമാക്കും. കാറ്ററിംഗ് യൂണിറ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നിന്ന് പുനരുപയോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുന്നതാണ് പദ്ധതി. ഉപയോഗിച്ച എണ്ണയുടെ നിർമാർജ്ജനം പദ്ധതിയിലൂടെ മാത്രമാക്കും. ഇതിനായി രണ്ട് അംഗീകൃത ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്ന എണ്ണയുടെ അളവ് സംബന്ധിച്ച വിവരം സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് നൽകണം. ഉപയോഗിച്ച എണ്ണ ശേഖരിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഏജൻസികൾ ലഭ്യമാക്കും. കൃത്രിമമായി റിപ്പോർട്ട് നൽകുകയോ പദ്ധതി നടപടികൾ നിരസിക്കുകയോ ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.