കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് സ്‌കൂൾ ശോചനീയാവസ്ഥയിൽ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളാണ് ഏറ്റുമാനൂർ നഗര മധ്യത്തിലെ ഒറ്റ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്നത്. സ്‌കൂളിന് ചുറ്റുപാടും കാടുപിടിച്ച് കിടക്കുകയാണ്. ഇതിൽ ഹയർ സെക്കൻഡറി കെട്ടിടങ്ങളുടെ അവസ്ഥ തീർത്തും പരിതാപകരമാണ്. കെട്ടിടത്തിന്‍റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു കൊണ്ടിരിക്കുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരു വിദ്യാർഥി അപകടത്തില്‍ നിന്ന് രക്ഷപെട്ടതെന്ന് അധ്യാപകർ പറയുന്നു. ക്ലാസ്‌മുറികളുടെ തറ നിറയെ കുഴിയും വെന്‍റിലേറ്ററുകൾ ഓടുകൾ വെച്ച് അടച്ച നിലയിലുമാണ്. പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ പെൺകുട്ടികൾക്കായി ചുരുക്കം ചില ശുചിമുറികൾ വൃത്തിയാക്കി നൽകിയിട്ടുണ്ട്. എന്നാൽ ആൺകുട്ടികൾക്ക് പ്രത്യേക ശുചിമുറികൾ ഇല്ലാത്ത അവസ്ഥയാണ്.
സ്‌കൂൾ പരിസരത്ത് ഇഴ ജന്തുക്കളുടെ സാന്നിധ്യം കുട്ടികളെ ഭയപ്പെടുത്തുന്നു. ഏതാനം ദിവസങ്ങൾക്ക് മുമ്പാണ് സ്‌കൂൾ വൃത്തിയാക്കിയത്. സ്‌കൂളിന്‍റെ അവസ്ഥയിൽ നഗരസഭ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപണമുണ്ട്.