കോട്ടയം: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെ കുറിച്ചറിയാനും ഓഫിസുകളില്‍ ബന്ധപ്പെടാനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റര്‍ വികസിപ്പിച്ച 'എന്‍റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷൻ ഇനി ഐ ഫോണിലും ലഭ്യമാകും. ആപ്പിൾ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. നേരത്തെ ആൻഡ്രോയ്‌ഡ് ഫോണുകളിൽ മാത്രമേ ആപ്പ് ഉപയോഗിക്കാൻ സാധിക്കുമായിരുന്നൊള്ളു.
ആപ്ലിക്കേഷനില്‍ പ്രവേശിച്ചാലുടന്‍ ജില്ല തെരഞ്ഞെടുത്ത് മുന്നോട്ടു പോകാന്‍ സാധിക്കും. തുടര്‍ന്ന് വരുന്ന പേജില്‍ വകുപ്പ് അല്ലെങ്കില്‍ സ്ഥാപനം തെരഞ്ഞെടുക്കുമ്പോള്‍ വകുപ്പിന് കീഴിലുള്ള ഓഫിസുകളുടെ പട്ടിക തെളിയും. ഇവിടെ ആവശ്യമുള്ള ഓഫിസിന്‍റെ പേര് ക്ലിക്ക് ചെയ്യാം.
ലൊക്കേഷന്‍ മുതല്‍ റേറ്റിങ് വരെ: ഒരു ഓഫിസ് തെരഞ്ഞെടുത്താല്‍ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും തെളിയും. മേക്ക് എ കോള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആ ഓഫിസിലെ ഫോണ്‍ നമ്പരുകള്‍ കാണാം. ആപ്ലികേഷനില്‍ നിന്ന് നേരിട്ട് കോള്‍ ചെയ്യാന്‍ സാധിക്കും.
ലൊക്കേറ്റ് ഓണ്‍ മാപ്പ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഓഫിസ് എവിടെയെന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടെത്താം. റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനില്‍ ഫോണ്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്‌ത് ഓഫിസിന്‍റെ പ്രവര്‍ത്തനം വിലയിരുത്താം. ഇതില്‍ ഓഫിസുമായി ബന്ധപ്പെട്ട അനുഭവം എഴുതുകയും സ്റ്റാര്‍ റേറ്റിങ് നല്‍കുകയും ചെയ്യാം.
അടിയന്തര ഇടപെടല്‍: ഇ-മെയില്‍ അയയ്ക്കാനും അധിക വിവരങ്ങള്‍ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ നല്‍കുന്ന റേറ്റിങും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവര്‍ക്കും കാണാം. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫിസുകള്‍ സെര്‍ച്ച് ചെയ്‌ത് കണ്ടെത്താനും സൗകര്യമുണ്ട്.
ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ അറിയിക്കുന്ന അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ഉടന്‍തന്നെ അതത് വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വര്‍ധിപ്പിക്കുന്നതിന് ആപ്ലിക്കേഷന്‍ സഹായകമാകും.
ആപ്പില്‍ ലഭ്യമായ വകുപ്പുകള്‍: റവന്യൂ, പൊലീസ്, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ആരോഗ്യം, തദ്ദേശസ്വയംഭരണം, കെഎസ്ഇബി, കൃഷി, പൊതുവിതരണം, രജിസ്‌ട്രേഷന്‍, മൃഗസംരക്ഷണം, ഫിഷറീസ്, വിദ്യാഭ്യാസം, വ്യവസായം, അക്ഷയ, കോളജുകള്‍, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ട്രഷറി, ജലസേചനം, സാമൂഹ്യനീതി, അഗ്നിരക്ഷ, ടൂറിസം, കെഎസ്എഫ്ഇ, കോടതികള്‍, ക്ഷീരവികസനം, എംപ്ലോയ്‌മെന്‍റ്, വനം, എക്‌സൈസ്, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, എസ്‌സി/ എസ്‌ടി, തൊഴിൽ വകുപ്പ് , കുടുംബശ്രീ, ബ്ലഡ് ബാങ്ക്, ലീഗൽ മെട്രോളജി, വനിത ശിശു വികസനം, ജയിൽ, ഭക്ഷ്യ സുരക്ഷ, സോയിൽ സർവേ-സോയിൽ കൺസർവേഷൻ, മൈനിങ് ആൻ്റ് ജിയോളജി, ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങിയവ ഇതിനകം 'എന്‍റെ ജില്ല'യിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റ് പ്രധാന ജില്ല ഓഫിസുകളും കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുണ്ട്.