കോട്ടയം : പത്തനംതിട്ട ഇലന്തൂരിൽ നരബലിയിൽ കൊല്ലപ്പെട്ട റോസ്‌ലിന്‍റെയും പത്മയുടെയും പോസ്റ്റ്മോർട്ടം നടപടികൾ തുടരുന്നു. ശരീരഭാഗങ്ങൾ കഷണങ്ങളാക്കിയതിനാൽ ഓരോന്നും പ്രത്യേകം പരിശോധിക്കുകയാണ്. 61 കഷണങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിനെത്തിച്ചത്. 56 ശരീരഭാഗങ്ങൾ പത്മയുടെയും 5 അസ്ഥികൾ റോസ്‌ലിന്‍റേതുമാകാമെന്നാണ് പൊലീസ് നിഗമനം.
36 ശരീരഭാഗങ്ങളുടെ പരിശോധനയാണ് ഇന്നലെ നടന്നത്. വേറെ ആരുടെയെങ്കിലും മൃതദേഹങ്ങൾ ഉണ്ടോ എന്നും ആന്തരികാവയവങ്ങൾ മാറ്റപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തണം. തുടർന്ന് ഡിഎൻഎ പരിശോധനയും നടത്തും. അതിനാലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നീളുന്നത്.
പത്മയുടെയും റോസ്‌ലിന്‍റെയും പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെയാണ് കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചത്. മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ് മോർട്ടം നടത്തുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി ഇരുവരുടെയും ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചേർന്നിട്ടുണ്ട്.