കോട്ടയം: പാലായില്‍ യു.ഡി.എഫ് നേരിട്ട പരാജയത്തിന്‍റെ കാരണങ്ങൾ വിലയിരുത്തുന്നതിനായി കേരളാ കോണ്‍ഗ്രസ് ( ജോസഫ് ) വിഭാഗം കോട്ടയത്ത് പ്രത്യേക യോഗം ചേർന്നു. പരാജയത്തിന് കാരണം പി.ജെ ജോസഫാണെന്ന ജോസ് കെ. മാണിയുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് കോട്ടയത്ത് ജോസഫ് വിഭാഗം യോഗം ചേര്‍ന്നത്.
ചിഹ്നം അനുവദിക്കാതെയുള്ള പി.ജെ ജോസഫിന്‍റെ പിടിവാശിയാണ് പരാജയത്തിലേക്ക് നയിച്ചതെന്നും ജോസ് വിഭാഗം ഉയർത്തിക്കാട്ടിയിരുന്നു. ചിഹ്നം നൽകാതിരുന്നത് പരാജയത്തിന് കാരണമായെങ്കിൽ ആ പരാജയം ജോസ് വിഭാഗം ചോദിച്ച് വാങ്ങിയതാണെന്ന് പി.ജെ ജോസഫും തിരിച്ചടിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തിയുണ്ടായിരുന്നതായി നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. എന്നാൽ ജോസ് വിഭാഗം ഇത് ചെവിക്കൊണ്ടില്ല. ജന സ്വീകാര്യനല്ലാത്ത സ്ഥാനാർഥി വേണമെന്ന് വാശി പിടിച്ചു. തുടര്‍ന്ന് ചിഹ്നവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലും നിലപാടറിയിച്ചിരുന്നതാണ്. എന്നാല്‍ ജോസ് വിഭാഗം ഇതൊന്നും അംഗീകരിച്ചില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. അതേസമയം തോൽവിയുടെ യഥാർഥ കാരണം എന്തെന്ന് യു.ഡി.എഫ് അന്വേഷിക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.