കോട്ടയം: കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ കോട്ടയം പാമ്പാടിയിലെ കാർഷിക വിപണനകേന്ദ്രം പഞ്ചായത്തിന്‍റെ അവഗണനയില്‍ നശിക്കുന്നതായി ആരോപണം. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് മൂന്ന് വർഷം മുൻപ് 2 കോടി രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പണികഴിപ്പിച്ച കാർഷിക വിപണന കേന്ദ്രം പഞ്ചായത്തിന് കൈമാറി. പ്രവർത്തനോദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും കാർഷിക വിപണന കേന്ദ്രത്തിലെ മുറികൾ ലേലം ചെയ്യാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. 25 ഓളം വ്യാപാരികളെ ഒഴിപ്പിച്ച ശേഷമാണ് പുതിയ കെട്ടിടം നിർമിച്ചത്.
പുതുതായി നിർമിച്ച കെട്ടിടത്തില്‍ അൻപതോളം മുറികളുണ്ട്. തകർന്ന ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് കൃഷി ഓഫീസും പാമ്പാടി കൃഷി ഭവനും പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. പഞ്ചായത്തിന്‍റെ അനാസ്ഥ കൊണ്ടു മാത്രം 20ഓളം ജീവനക്കാരുള്ള ഓഫീസ് ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുകയാണ്. കടമുറികളുടെ ലേലം നടക്കാത്തതിനാൽ പഞ്ചായത്തിന് കോടികളുടെ നഷ്ടം വാടക ഇനത്തിൽ മാത്രം ഉണ്ടാകുന്നു. സംഭവത്തിൽ അഴിമതിയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.