കോട്ടയം: സംസ്ഥനത്തെ പൊതുഗതാഗതം നിലച്ചിട്ട് 50 ദിവസം പിന്നിട്ടു. സർവീസ് നടത്താതെ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഇത്രയേറെക്കാലം കട്ടപ്പുറത്ത് കഴിയുന്നത് ഇതാദ്യം. സര്‍വീസുകള്‍ നിര്‍ത്തിയതോടെ വലിയ പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല നേരിടുന്നത്. ബസുകളുടെ പല ഭാഗങ്ങളും തുരുമ്പെടുത്ത് തുടങ്ങി. ടയറുകളും ബാറ്ററികളും ഉപയോഗശൂന്യമായി. സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമാകാത്തത് ഈ മേഖലയിലെ തൊഴിലാളികളെയും ബസുടമകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലയുടെ അവസ്ഥ ഗുരുതരമാണെന്നും ബസ് ചാർജ് അടിയന്തരമായി വർധിപ്പിക്കേണ്ടിവരുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോക്ക് ഡൗൺ അനന്തമായി നീളുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ ബസ് സർവീസ് പുനരാരംഭിക്കുന്നതും ചാർജ് വര്‍ധനവും നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കില്ലെന്നാണ് ബസ് ഒപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ പക്ഷം. ജി-ഫോം സമർപ്പിച്ച് ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍ ബസുടമകൾ. പലിശ രഹിത വായ്പകൾ, ടാക്സ്, ഇൻഷുറൻസ് തുടങ്ങിയവയിലെ ഇളവുകളില്‍ സർക്കാർ കനിയുമെന്ന പ്രതീക്ഷയും ബസുടമകള്‍ക്കുണ്ട്. സർക്കാരിൽ നിന്നും അനുകൂല നിലപാടുണ്ടായാല്‍ സർവീസ് നടത്തുമെന്നും സ്വകാര്യബസുടമകൾ പറയുന്നു. കെഎസ്ആര്‍ടിസിയുടെ സ്ഥിതിയും സമാനമാണ്.