കോട്ടയം: ആംബുലൻസിൽ പ്രസവിച്ച നവജാത ശിശുവിൻ്റെ മൃതദേഹം 21 മണിക്കൂർ മാതാവ് ചികിത്സയിൽ കഴിയുന്ന വാർഡിൻ്റെ പുറത്ത് സൂക്ഷിച്ചതായി പരാതി. അസം സ്വദേശി അഫ്‌സല്‍നയുടെ നവജാത ശിശുവിന്‍റെ മൃതദേഹമാണ് കൊവിഡ് വാര്‍ഡിന് പുറത്ത് സൂക്ഷിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലാണ് സംഭവം.
അടിമാലി ഗവണ്‍മെന്‍റ് ആശുപത്രിയിലായിരുന്നു അഫ്‌സല്‍ന ഗർഭചികിത്സ നടത്തിയിരുന്നത്. പരിശോധനയിൽ കുട്ടി വയറ്റിനുള്ളില്‍ വച്ച് മരിച്ചതായി കണ്ടെത്തി. തുടർന്ന് ചൊവ്വാഴ്‌ച കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്ര മധ്യേ ആംബുലൻസിൽ വച്ച് യുവതി പ്രസവിച്ചു.
ചൊവ്വാഴ്‌ച വൈകീട്ട് 5.30ന് മെഡിക്കൽ കോളജ് ഗൈനക്കോളജിയിലെ ലേബർ റൂമിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് നടത്തിയ കൊവിഡ് പരിശോധനയിൽ യുവതിക്ക് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് യുവതിയെ കൊവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയും നവജാത ശിശുവിൻ്റെ മൃതദേഹം വാർഡിന് പുറത്ത് വയ്ക്കുകയും ചെയ്‌തുവെന്ന് ഇവർ പറയുന്നു.
രാത്രിയോടെ ഭർത്താവ് അംജാസ് എത്തിയെങ്കിലും ഈ സമയം പുരുഷന്മാർക്ക് പ്രവേശനമില്ലാത്തതിനാൽ വാർഡിൽ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ബുധനാഴ്‌ച രാവിലെ വാർഡിൽ പ്രവേശിച്ചുവെങ്കിലും കൊവിഡായതിനാല്‍ അകലം പാലിക്കേണ്ടി വന്നു. തുടർന്ന് നവജാത ശിശുവിൻ്റെ മൃതദേഹം മാറ്റുന്നത് സംബന്ധിച്ച് സംസാരിച്ചെങ്കിലും ബന്ധപ്പെട്ട ജീവനക്കാർ ശ്രദ്ധിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
ബുധനാഴ്‌ച ഉച്ചയ്ക്ക് 2.30നാണ് വാർഡിൻ്റെ പുറത്തു സൂക്ഷിച്ചിരുന്ന മൃതദേഹം ജീവനക്കാർ കൊണ്ടുപോയത്. അതേസമയം, നവജാത ശിശുവിൻ്റെ മൃതദേഹം ലേബർ റൂമിൻ്റെ മറ്റൊരു ഭാഗത്താണ് സൂക്ഷിച്ചിരുന്നതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോക്‌ടര്‍ ടി.കെ ജയകുമാറിന്‍റെ വിശദീകരണം.
Also read: Murder: തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഭര്‍ത്താവിനെ കാണാനില്ല