കോട്ടയം: ജൂലൈ 31 വരെ പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കെ സ്വർണക്കടത്ത് കേസിൽ തുടർസമരങ്ങൾ പ്രഖ്യാപിച്ച് ബി.ജെ.പി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് കോടതി വിധി മാനിച്ചുള്ള തുടർപ്രതിഷേധങ്ങളിൽ തീരുമാനമെടുത്തത്. സ്വർണ്ണക്കടത്തിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് 10 ലക്ഷം പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്ക് അയക്കുന്നതാണ് ആദ്യ സമരപരിപാടി. ജൂലൈ 24 മുതൽ 30 വരെ പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചാവും പ്രതിഷേധ പോസ്റ്റുകൾ അയക്കുക.
നിയമസഭാ സമ്മേളനം ചേരുമെന്ന് പ്രഖ്യാപിച്ച ജൂലൈ 27ന് സംസ്ഥാനത്തുടനീളം കൊവിഡ് മാനദണ്ഡം പാലിച്ച് നിൽപ്പ് സമരം നടത്തും. ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒ.രാജഗോപാൽ എം.എൽ.എ ഉപവാസിക്കും. പ്രതിഷേധ സമരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് തീരുമാനം. അതേസമയം നിയമസഭ സമ്മേളനം മാറ്റിവച്ചാലും പ്രതിഷേധ സമരം നടത്തുമെന്നും സ്വന്തം വീടിനു മുന്നിൽ നിന്ന് സമരം ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും ബി.ജെ.പി നേതാക്കൾ ചോദിച്ചു.