കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ യുഡിഎഫ് നേരിട്ട പരാജയത്തെ ചൊല്ലി മുന്നണിയില്‍ തമ്മിലടി. യുഡിഎഫിനുണ്ടായ തോൽവിക്ക് കാരണം ജോസഫ് ഗ്രൂപ്പാണെന്ന കോൺഗ്രസിന്‍റെ ആരോപണത്തിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തി.
കോണ്‍ഗ്രസിന്‍റെ ആരോപണം
തോൽവി സംബന്ധിച്ച് തെളിവെടുപ്പിനായി എത്തിയ കെപിസിസി സമിതിക്ക് മുമ്പാകെയാണ് കോൺഗ്രസ് നേതാക്കൾ പരാജയ കാരണം ജോസഫ് ഗ്രൂപ്പിന്‍റെ തലയിൽ കെട്ടിവെച്ച് തടിയൂരാൻ ശ്രമിച്ചത്. ജോസ് കെ മാണി യുഡിഎഫ് വിട്ടത് പരാജയത്തിന് കാരണമായതായി കോൺഗ്രസ് നേതാക്കള്‍ ആരോപിച്ചത് ജോസഫ് ഗ്രൂപ്പിനെ ചൊടിപ്പിച്ചു.
ജില്ലയിൽ മൂന്ന് സീറ്റുകളിൽ ജോസഫ് ഗ്രൂപ്പ് മൽസരിച്ചുവെങ്കിലും കടുത്തുരുത്തിയിൽ മാത്രമാണ് വിജയിച്ചത്. ജോസ് കെ മാണിയെ ഒഴിവാക്കിയത് പരാജയത്തിനു കാരണമായെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
തിരിച്ചടിച്ച് ജോസഫ് വിഭാഗം
ഇതിനിടെ, കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിൽ പ്രതിഷേധവുമായി കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റും യുഡിഎഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തി. ജോസ് കെ മാണി മുന്നണി വിട്ടപ്പോൾ ഒപ്പം നിന്ന ജോസഫ് ഗ്രൂപ്പിന്‍റെ തലയിൽ പരാജയം കെട്ടിവെയ്ക്കാൻ ചില നേതാക്കൾ ശ്രമിക്കുകയാണെന്ന് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ജോസ് കെ മാണിയുടെ അച്ചാരം വാങ്ങി ചില കോൺഗ്രസ് നേതാക്കൻമാർ ജോസഫ് ഗ്രൂപ്പിനെ കൊച്ചാക്കിക്കാണിക്കുവാൻ ശ്രമിക്കുകയാണെന്നും സജി മഞ്ഞക്കടമ്പിൽ ആരോപണം ഉന്നയിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിന്‍റെ വിശദീകരണം ഉണ്ടാകണമെന്നും പ്രശ്‌നം പാർട്ടി ചെയർമാന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതേ കുറിച്ച് തങ്ങൾക്കറിയില്ല എന്ന നിലപാടിലാണ് ഡിസിസി നേതൃത്വം.
Also read: കേരളത്തെ കൊവിഡിൽ ഒന്നാം സ്ഥാനത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ സ്വാർഥ താത്പര്യം: പി.സി. ജോർജ്