കോട്ടയം: കൊവിഡ് 19ന് എതിരെയുള്ള സംസ്ഥാനത്തിന്‍റെ പോരാട്ടത്തിന് പിന്തുണയേകി ഒരു കൂട്ടം കാര്‍ട്ടൂണിസ്റ്റുകള്‍. അക്ഷര നഗരിയിലെ ചുമരുകളില്‍ മഹാമാരിയെ തുരത്തനുള്ള നിര്‍ദേശങ്ങളാണ് ഈ കലാകാരന്മാര്‍ കാര്‍ട്ടൂണുകളാല്‍ വരച്ച് ചേര്‍ത്തത്. കലാകാരന്മാര്‍ വിവിധ സന്ദേശങ്ങള്‍ രസകരമായ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് ചുമരുകളില്‍ തീര്‍ത്തിരിക്കുന്നത്.
സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരളാ കാർട്ടൂൺ അക്കാദമിയും ചേർന്നാണ് നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ്റ്റാന്‍റിനോട് ചേർന്നുള്ള ചുവരുകളില്‍ കാര്‍ട്ടൂണുകള്‍ വരച്ചത്. കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കി.
11 കാർട്ടൂണിസ്റ്റുകൾ രണ്ട് മണിക്കൂര്‍ കൊണ്ടാണ് നൂറ് മീറ്ററോളം നീളമുള്ള മതിലുകളിൽ വർണ്ണാച്ചയങ്ങളുടെ ലോകം തീര്‍ത്തത്. എറണാകുളത്ത് നിന്നാണ് ചുമരുകളില്‍ കാർട്ടൂൺ വരക്കുന്ന പ്രവൃത്തി അക്കാദമി ആരംഭിച്ചത്. പ്രധാന കേന്ദ്രങ്ങളിൽ സംസ്ഥാന വ്യാപകമായി അതാത് ജില്ലകളുടെ തനിമ വിളിച്ചോതുന്ന രീതിയിലാണ് കലാകാരന്മാരുടെ കാര്‍ട്ടൂണ്‍ രചന.