കോട്ടയം: എംജി സർവകലാശാല മാര്‍ക്ക് വിവാദത്തിന് പിന്നാലെ എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല അദാലത്തിലും ചട്ടലംഘനം നടന്നതായി ആരോപണം. സിൻഡിക്കേറ്റിന് അധികാരമുള്ള പല വിഷയങ്ങളിലും സിൻഡിക്കേറ്റിനെ മറികടന്ന് ഫെബ്രുവരി 27ന് നടത്തിയ അദാലത്ത് തീരുമാനമെടുത്തതായാണ് ആരോപണം. യോഗത്തിലെ മിനുട്സും ഇത് വ്യക്തമാക്കുന്നുണ്ട്.
ഇന്‍റേണല്‍ മാർക്ക്, വീണ്ടും സപ്ലിമെന്‍ററി പരീക്ഷ എഴുതുന്നതിനുള്ള അനുമതി, പുനർമൂല്യനിർണയം എന്നീ കാര്യങ്ങളിലാണ് സിൻഡിക്കേറ്റിനെ മറികടന്ന് അദാലത്ത് തീരുമാനമെടുത്തത്. ഇതിന് പുറമേ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോക. കെ.ഷറഫുദ്ദീൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ.പി.എൻ ദിലീപ് എന്നിവരും അദാലത്തിൽ പങ്കെടുത്തതായി മിനുട്സില്‍ വ്യക്തമാക്കുന്നു.
സ്വയംഭരണാധികാരമുള്ള സർവകലാശാലകളിൽ സിൻഡിക്കേറ്റുകളെ നോക്കുകുത്തികളാക്കി മന്ത്രിയുടെ ഓഫീസ് ഇടപെടുന്നതിന്റെ തെളിവുകൂടിയാണ് പുറത്തുവരുന്നത്. എംജി സർവകലാശാലാ അദാലത്തിൽ ഷറഫുദ്ദീൻ പങ്കെടുത്തത് വിവാദമായിരുന്നു. അദാലത്തിൽ വെച്ച് കാലിക്കറ്റ് സർവകലാശാല ബിടെക് പരീക്ഷയിൽ ഇന്‍റേണൽ മാർക്ക് കൂട്ടി നൽകിയതായും ആക്ഷേപമുയർന്നിരുന്നു.