കോട്ടയം: ജില്ലയിൽ പുതുതായി 160 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 158 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ആരോഗ്യ പ്രവർത്തകയും വൈറസ് ബാധിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. കോട്ടയം മുൻസിപ്പാലിറ്റി പരിധിയിൽ 21 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. കോട്ടയം പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരായ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. മാർക്കറ്റിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന നാഗമ്പടം, പാക്കീൽ, മരിയാ തുരുത്ത്, പന്നിമറ്റം മേഖലകളിലാണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ ഉള്ളത്. എരുമേലി ഗ്രാമപഞ്ചായത്തിലും കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. 15 പേർക്കാണ് ഇന്ന് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇരാറ്റുപേട്ടയിൽ 14 പേർക്കും, ഉഴവൂർ, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളിൽ ഒമ്പത് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു. ചങ്ങനാശ്ശേരിയിൽ ഏഴ് പേർക്കും, പുതുപ്പള്ളി, പാമ്പാടി, കൂരോപ്പട, മാടപ്പള്ളി എന്നിവിടങ്ങളിൽ ആറ് വീതം ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ 1543 പേരാണ് ജില്ലയിൽ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. പുതിയ കണക്കുകൾ പ്രകാരം ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളും രോഗബാധിതരുടെ പട്ടികയിൽപെടുന്നു. ആകെ ലഭിച്ച 2260 പരിശോധന ഫലങ്ങളിൽ നിന്നാണ് ജില്ലയിൽ 160 പേർ രോഗബാധിതരായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തിയവരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുമായ 14997 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. അതേസമയം ചികിത്സയിലുണ്ടായിരുന്ന 111 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.