എറണാകുളം: വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്ന്(01.09.2022) ഉച്ചയ്‌ക്ക് 1.45ന് ജസ്റ്റിസ് അനു ശിവരാമന്‍റെ ബെഞ്ചാണ് വിധി പറയുന്നത്.
വിഴിഞ്ഞം തുറമുഖത്തിനായി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെയും ഒഴിപ്പിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതിയെ അദാനി ഗ്രൂപ്പ് അറിയിച്ചത്. തുറമുഖത്തിന്‍റെ 80 ശതമാനം ജോലികളും പൂർത്തിയായെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. സമരത്തിന്‍റെ മുന്നിൽ ഗർഭിണികളും കുട്ടികളും ഉള്ളതിനാൽ കടുത്ത നടപടി എടുക്കാൻ ആകില്ലെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ നേരത്തെ വിഴിഞ്ഞം പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു.