എറണാകുളം: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നിർദേശ പ്രകാരം വിജയ് ബാബു തിങ്കളാഴ്‌ച രാവിലെ ഒമ്പത് മണിയോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് ചെയ്‌താൽ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും, തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾ ജാമ്യത്തിൽ വിടണമെന്നും മുൻകൂർ ജാമ്യ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം വിജയ് ബാബുവിന് ജാമ്യം ലഭിക്കുമെങ്കിലും ചോദ്യം ചെയ്യൽ തുടരും. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടന്‍ ഹാജരായത്.
ഇന്ന് (27.06.2022) മുതൽ അടുത്ത മാസം മൂന്ന് വരെ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറുമണി വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാനും കോടതി അനുമതി നൽകിയിരുന്നു. യുവ നടിയുടെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ദുബായിൽ ഒളിവിൽ പോയ വിജയ് ബാബു കോടതി നിർദേശ പ്രകാരമായിരുന്നു ഒരു മാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അറസ്റ്റ് തടയുകയും ചെയ്‌തിരുന്നു.
തനിക്കെതിരെ വ്യാജമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നുമുള്ള വാദമാണ് പ്രതി അന്വേഷണ സംഘത്തിന് മുന്നിലും കോടതിയിലും ഉന്നയിച്ചത്. തന്‍റെ വാദങ്ങൾ തെളിയിക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് ഉൾപ്പെടെ പരിശോധിച്ചായിരുന്നു ഹൈക്കോടതി വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഏപ്രിൽ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് പല തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. അന്ന് തന്നെ എറണാകുളം സൗത്ത് പൊലീസ് ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വിജയ് ബാബുവിനെതിരെ കേസ് എടുത്തു.
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ രജിസ്‌റ്റർ ചെയ്‌തിരുന്നു.