എറണാകുളം: കാലടി മണപ്പുറത്ത് സിനിമക്കായി സെറ്റിട്ട ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ പിടിയിലായ ഗുണ്ടാ തലവൻ രതീഷ് മലയാറ്റൂർ, 29 ഓളം കേസുകളിലെ പ്രതി. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റാണ് കഴിഞ്ഞ ദിവസം രതീഷിന്‍റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം തകർത്തത്. സംഭവത്തിൽ രതീഷ് അങ്കമാലിയിൽ വച്ച് കീഴടങ്ങി.
ബജ്‌റംഗ്‌ദള്‍ എറണാകുളം ജില്ലാ പ്രസിഡന്‍റ് കൂടിയാണ് രതീഷ് മലയാറ്റൂർ. ഞായറാഴ്ച വൈകിട്ടാണ് രാഷ്ട്രീയ ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ കാലടി മണപ്പുറത്തെ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്‍റെ കാഴ്ച മറച്ചു പള്ളി നിർമിച്ചെന്ന് ആരോപിച്ചായിരുന്നു സെറ്റിന് നേരെയുള്ള അക്രമം. 2017ലെ സനൽ വധക്കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. കൂടാതെ തട്ടികൊണ്ട് പോകൽ, വധശ്രമം, പിടിച്ചുപറിക്കേസുൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി 29 കേസിലെ പ്രതിയാണ് രതീഷ്. കാപ്പാ നിയമപ്രകാരവും ഇയാള്‍ തടവിൽ കിടന്നിരുന്നു.
സിനിമാ സെറ്റ് പൊളിച്ചതിനും സോഷ്യൽ മീഡിയയിൽ മതസ്പർദ്ദ വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചതിനും 153 A, 464, 377 എന്നീ വകുപ്പളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ നേരിട്ട് ബന്ധപ്പെട്ട 11ഓളം പേരെയാണ് ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് റൂറൽ എസ്‌പി കാർത്തിക് പറഞ്ഞു. ക്വട്ടേഷൻ സംഘം രൂപീകരിച്ച് കാലടി, അങ്കമാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രതീഷ് അഖിലേന്ത്യ ഹിന്ദു പരിഷിതിന്‍റെ ജില്ലാ പ്രസിഡന്‍റാണ്. മറ്റ് പ്രതികൾ ഒളിവിലാണ്. 50 ലക്ഷം രൂപ മുടക്കിയാണ് മണപ്പുറത്ത് സിനിമയുടെ അവസാന രംഗം ചിത്രീകരിക്കാനായി മാർച്ച് ആദ്യവാരത്തിൽ സെറ്റിട്ടത്.