എറണാകുളം: കൊച്ചി മണ്ഡലത്തിലെ യുഡിഎഫിന്‍റെ അപ്രതീക്ഷിത പരാജയത്തിന് കാരണം അരാഷ്ട്രീയ സംഘടനകൾ നേടിയ വോട്ടുകളെന്ന് ടോണി ചമ്മണി. ബൂത്ത് തലത്തിൽ പരിശോധിച്ചപ്പോൾ ഇത് ബോധ്യപ്പെട്ടു. കോൺഗ്രസിന് ലഭിക്കേണ്ട പരമ്പരാഗത വോട്ടുകളാണ് ട്വന്‍റി ട്വന്‍റിയും, വി ഫോർ കേരളയും നേടിയത്. അതേസമയം സിപിഎം വോട്ടുകളിൽ കുറവ് സംഭവിച്ചിട്ടില്ല. എന്നാൽ ഇത്തരം അരാഷ്ട്രീയ സംഘടനകൾ തെരെഞ്ഞെടുപ്പ് വേളയിൽ പ്രത്യക്ഷപ്പെട്ട് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കും. ഇതിന് പിന്നിൽ സിപിഎം ആണെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടോണി ചമ്മണി ആരോപിച്ചു.
യുഡിഎഫ് കോട്ടയായ ജില്ലയിൽ വോട്ടിൽ വിള്ളലുണ്ടാക്കാൻ സിപിഎം അവരുമായി സഹകരിച്ച് പ്രവർത്തിച്ചു. അവരുടെ സ്ഥാനാർഥികൾക്ക് സിപിഎം സാമ്പത്തിസഹായം ലഭിച്ചതിന് വിശ്വാസ യോഗ്യമായ തെളിവുണ്ടെന്നും ടോണി ചമ്മണി പറഞ്ഞു.
കൊച്ചി മേയറും കെപിസിസി സെക്രട്ടറിയുമായ ടോണി ചമ്മണി സിപിഎം സ്ഥാനാർത്ഥി കെ.ജെ. മാക്സിയോട് 14,079 വോട്ടിനാണ് പരാജയപ്പെട്ടത്. കൊച്ചി മണ്ഡലത്തിൽ ട്വന്‍റി ട്വന്‍റി 19,676 വോട്ടും, വി ഫോർ കേരള 2149 വോട്ടുകളും നേടിയിരുന്നു.
കൂടുതല്‍ വായനയ്‌ക്ക് : ട്വന്‍റി ട്വന്‍റി ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന് പി.ടി തോമസ്