എറണാകുളം: കേരളം ഒന്നാകെ ഉറ്റുനോക്കിയ തൃക്കക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പോളിങ് അവസാനിച്ചു. മുന്നണികളുടെ കണക്കുകൂട്ടലുകളും മറികടന്നുള്ള പോളിങ്ങാണ് ഇത്തവണ തൃക്കാക്കരയിൽ നടന്നത്. കഴിഞ്ഞ തവണ 70.79 ശതമാനമായിരുന്നു പോളിങ്. അന്തിമ കണക്കുകൾ വരുമ്പോൾ ഇത്തവണ പോളിങ് ഇതിനെ മറികടക്കുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്‌ചയാണ് (3-6-2022) വോട്ടെണ്ണൽ.
രണ്ടാം പിണറായി സര്‍ക്കാര്‍ കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് നിര്‍ണായകമാണെങ്കിലും യുഡിഎഫിന് ഈ തെരഞ്ഞെടുപ്പ് അതി നിര്‍ണായകമാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ രണ്ടാം തോല്‍വിയില്‍ നിന്ന് കരകയറുന്നതിന് കേരളത്തിലെ കോണ്‍ഗ്രസ് ശ്രമം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു തെരഞ്ഞെടുപ്പ് കൂടി അവരുടെ തലയില്‍ പതിച്ചത്.
യുഡിഎഫിന് നിലനിൽപ്പിന്‍റെ പോരാട്ടം: തൃക്കാക്കര സിറ്റിങ് സീറ്റാണെന്നതും സര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമില്ലെന്നതുമാണ് യുഡിഎഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നത്. പുതിയ നേതൃത്വത്തെ പാര്‍ട്ടിയിലും പാര്‍ലമെന്‍ററി പാര്‍ട്ടിയിലും നിയോഗിച്ചു കൊണ്ട് ഒരു തിരിച്ചു വരവിന് ശ്രമിക്കുന്ന ഈ അവസരത്തില്‍ ഒരു പരാജയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.
മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും കോണ്‍ഗ്രസ് തലപ്പത്തെത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ കരുത്ത് കാട്ടിയില്ലെങ്കിലും നില നിര്‍ത്തുകയെങ്കിലും ചെയ്യുക എന്നത് ഇരുവരുടെയും ആവശ്യമാണ്. അതിനുമപ്പുറം കോണ്‍ഗ്രസ് അടിപതറുന്ന സാഹചര്യമുണ്ടായാല്‍ അത് ഭാവിയില്‍ കേരളത്തില്‍ ബിജെപിയുടെ കടന്നു വരവിനു കളമൊരുങ്ങുമോ എന്നൊരാശങ്ക കൂടി കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
സിപിഎം സെഞ്ച്വറി നേട്ടം എന്നവകാശപ്പെട്ട് കാടിളക്കി പ്രചാരണം നടത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്നൊരു വാദം കൂടി കോണ്‍ഗ്രസ് ഇവിടെ മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേത്തിലും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണ്ഡലം നിലിനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ അവകാശപ്പെടുന്നതിനു പിന്നില്‍ മണ്ഡലത്തിലെ ശക്തമായ കോണ്‍ഗ്രസ് അടിത്തറ ഒന്നു മാത്രമാണ്.
പിടിച്ചെടുക്കാൻ എൽഡിഎഫ്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന്‍റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി തന്നെ തമ്പടിച്ച് മണ്ഡലത്തില്‍ കാടിളക്കിയുള്ള പ്രചാരണമാണെങ്കിലും യുഡിഎഫിന്‍റെ ഉറച്ച കോട്ട ഇളക്കുക അത്ര എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. അതു കൊണ്ടു കരുതലോടെ നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.
രണ്ടാം പിണറായി സര്‍ക്കാരിന് സെഞ്ച്വറി നേട്ടം തൃക്കാക്കരയിലൂടെ എന്ന പ്രചാരണം നല്ല നിലയില്‍ ജനങ്ങള്‍ ഏറ്റെടുത്തതായി എല്‍ഡിഎഫ് വിലയിരുത്തുന്നു. കോണ്‍ഗ്രസ് കോട്ട എന്ന നിലയില്‍ അധികം ശ്രദ്ധ കേന്ദ്രീകരിക്കാത്ത തൃക്കാക്കരയില്‍ ഇത്തവണ അടിത്തട്ടില്‍ നടത്തിയ മികച്ച പ്രചാരണം ഗുണം ചെയ്യുമെന്നും എല്‍ഡിഎഫ് കരുതുന്നു.
ഒപ്പം സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെയുണ്ടായ സാമുദായിക സമവാക്യങ്ങളിലെ മാറ്റം കൂടി അനുകൂലമായാല്‍ കാര്യങ്ങള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ച സെഞ്ച്വറി നേട്ടമാകുമെന്ന് അവര്‍ വിലയിരുത്തുന്നു. പക്ഷേ അതൊന്നും അത്ര എളുപ്പമല്ലെന്ന് അവര്‍ രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു.
നിലമെച്ചപ്പെടുത്താൻ ബിജെപി: ബിജെപിയെ സംബന്ധിച്ച് നില മെച്ചപ്പെടുത്തുക എന്നത് നിര്‍ണായകമാണ്. 2021 ല്‍ അവര്‍ നേടിയ 15,218 വോട്ടില്‍ നിന്ന് പിന്നോട്ടു പോയാല്‍ വോട്ടു കച്ചവടം എന്ന ആരോപണത്തിന് അവര്‍ മറുപടി പറയേണ്ടി വരും. പി.സി ജോര്‍ജിനെ അനുകൂലിച്ചതിന്‍റെ ആനുകൂല്യം ബിജെപിക്കുണ്ടായെന്ന് അവകാശപ്പെടാനും അവരുടെ വോട്ട് ഓഹരി വര്‍ധിപ്പിക്കേണ്ടതുണ്ട്.
എ.എന്‍ രാധാകൃഷ്‌ണനെ പോലെ ഒരു മുതിര്‍ന്ന നേതാവിനെ കളത്തിലറക്കിയതും വോട്ട് ചോരാതിരിക്കാന്‍ തന്നെയാണ്. പക്ഷേ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം അവരുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്നൊരാശങ്ക യുഡിഎഫ് ക്യാമ്പിലും ഇല്ലാതില്ല.
ട്വന്‍റി-ട്വന്‍റിയുടെ പിൻമാറ്റം: ആപ്പുമായി ചേര്‍ന്നൊരു പുതിയ കൂട്ടുകെട്ടെന്ന ട്വന്‍റി-ട്വന്‍റി ഭീഷണി ഇരു മുന്നണികളുടെയും തലയ്ക്കു മുകളിലെ വാളായിരുന്നെങ്കില്‍ അവര്‍ മത്സര രംഗത്തുനിന്ന് മാറിയതില്‍ തെല്ലൊരാശ്വാസം മുന്നണികള്‍ക്കെല്ലാമുണ്ട്. എങ്കിലും ഏറെ ആശ്വസിക്കുന്നത് യുഡിഎഫാണ്. 2021ല്‍ 13773 വോട്ടുകള്‍ ട്വന്‍റി-ട്വന്‍റി കരസ്ഥമാക്കിയപ്പോള്‍ വോട്ടുകൾ ചോര്‍ന്നത് യുഡിഎഫിനായിരുന്നു. അന്നത്തെ എതിര്‍പ്പ് ഇന്ന് ട്വന്‍റി-ട്വന്‍റിക്ക് യുഡിഎഫിനോടില്ലെന്നതും അവര്‍ക്ക് ആശ്വാസമാണ്.
2021ലെ വോട്ടിങ് നില
- പി.ടി.തോമസ് (യു.ഡി.എഫ്)-59839
- ഡോ. ജെ.ജോസഫ് (എല്‍.ഡി.എഫ്)-45510
- എസ്.സജി (ബി.ജെ.പി)-15,218
- ഡോ.ടെറി തോമസ് (ട്വന്‍റി-ട്വന്‍റി)-13,773
- നോട്ട-695