എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാർഥിയെ ഔദ്യോഗികമായി ഉടന്‍ പ്രഖാപിക്കുമെന്ന് എല്‍ഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സ്ഥാനാർഥിയെ തീരുമാനിച്ചുവെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നത് ശരിയല്ല. അറിയാത്ത കാര്യങ്ങൾ സ്ഥാപിച്ച് എടുക്കാൻ ശ്രമിക്കുകയാണ്.
ബന്ധപ്പെട്ട പാർട്ടി ഘടകങ്ങൾ സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. തീരുമാനത്തിന് ഇടതുമുന്നണിയുടെ അനുമതിയും ആവശ്യമാണ്. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
Also read: തൃക്കാക്കരയില്‍ പോർമുഖം തുറക്കുന്നു.. കെഎസ് അരുണ്‍കുമാറിനെ മത്സരിപ്പിക്കാൻ എല്‍ഡിഎഫ്
സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ കാലതാമസമില്ല. സിപിഎം വളരെ ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇടതുമുന്നണിയിലെ കക്ഷികളെല്ലാം ചേർന്ന് ഒരു പാർട്ടിയായാണ് പ്രവർത്തിക്കുന്നത്. പ്രശ്‌നം പരിഹരിക്കാൻ യുഡിഎഫ് സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിച്ചെങ്കിലും അത് അവരെ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
സിപിഎം ജില്ല കമ്മിറ്റി അംഗം കെ.എസ് അരുൺകുമാറിനെ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സിപിഎമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബിജെപി സ്ഥാനാർഥിയായി എ.എൻ രാധാകൃഷ്‌ണനെയാണ് പരിഗണിക്കുന്നത്.