എറണാകുളം: 2008ലെ മണ്ഡലപുനര്‍നിര്‍ണയത്തോടെ രൂപീകൃതമായ നിയമസഭാ മണ്ഡലമാണ് തൃക്കാക്കര. ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാണ് ഇവിടെ നിന്ന് ജയിച്ച് കയറിയത്. 2011ല്‍ ബെന്നി ബെഹന്നാൻ നേടിയ 22,406 വോട്ടിന്‍റെ ഭൂരിപക്ഷം 2016ല്‍ പി.ടി തോമസ് മത്സരിച്ച് ജയിച്ചപ്പോള്‍ 11,996 ആയി കുറഞ്ഞിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും 36 ശതമാനത്തോളം വോട്ടാണ് ഇടതുപക്ഷത്തിന് പിടിക്കാനായത്. അതേസമയം 2011ല്‍ 5.04 ശതമാനം വോട്ട് പിടിച്ച ബിജെപി 2016ല്‍ 15.70 ശതമാനം വോട്ട് സ്വന്തമാക്കി വൻ മുന്നേറ്റം നടത്തി. സിറ്റിങ് എംഎല്‍എ പി.ടി തോമസിന് തന്നെയാണ് യുഡിഎഫ് ഇത്തവണയും സീറ്റ് നല്‍കിയിരിക്കുന്നത്. മറുവശത്ത് ഡോ. ജെ. ജേക്കബാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി. 2016ല്‍ പാര്‍ട്ടിക്ക് വൻ മുന്നേറ്റം നേടിക്കൊടുത്ത എസ്. സജിയെയാണ് എൻഡിഎ ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്.
2011 നിയമസഭാ തെരഞ്ഞെടുപ്പ്
യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ് ബെന്നി ബെഹന്നാനെ മത്സരിപ്പിച്ചപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന് സിപിഎം എം.ഇ ഹസൈനാരെ കളത്തിലിറക്കി. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 55.88 ശതമാനം പിടിച്ചെടുത്ത ബെന്നി ബെഹന്നാൻ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ എംഎല്‍എ ആയി. രണ്ടാമതെത്തിയ ഹസൈനാര്‍ക്ക് 36.87 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. 22,406 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബെന്നി ബെഹന്നാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി 5.04 ശതമാനം വോട്ട് നേടി.
2016 നിയമസഭാ തെരഞ്ഞെടുപ്പ്
മണ്ഡലത്തിലെ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ പി.ടി തോമസിനെയാണ് യുഡിഎഫ് മത്സരിപ്പിച്ചത്. മറുവശത്ത് സെബാസ്‌റ്റ്യൻ പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. ഫലം വന്നപ്പോള്‍ പി.ടി തോമസ് ജയിച്ചു. എന്നാല്‍ ഭൂരിപക്ഷത്തിലും വോട്ട് ശതമാനത്തിലും വലിയ കുറവ് രേഖപ്പെടുത്തി. 11,996 ആയിരുന്നു ഭൂരിപക്ഷം. 45.42 ശതമാനം വോട്ട് മാത്രമാണ് മുന്നണിക്ക് സ്വന്തമാക്കാനായത്. 2011നെ അപേക്ഷിച്ച് 10 ശതമാനത്തോളം വോട്ടിന്‍റെ കുറവ്. മറുവശത്ത് 2011ലേതിന് സമാനമായി 36.55 ശതമാനം വോട്ട് എല്‍ഡിഎഫും സ്വന്തമാക്കി. അതേസമയം വൻ കുതിച്ച് ചാട്ടം നടത്തിയത് ബിജെപി ആയിരുന്നു. 2011ലെ അഞ്ച് ശതമാനം വോട്ടിന് പകരം എസ്. സജി പിടിച്ചത് 15.70 ശതമാനം വോട്ടാണ്. കോണ്‍ഗ്രസിന് പത്ത് ശതമാനത്തോളം വോട്ട് കുറഞ്ഞപ്പോള്‍ ബിജെപിക്ക് പത്ത് ശതമാനത്തോളം വോട്ട് കൂടി.
2021 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതൽ 51 വരെയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും കരുത്ത് കാട്ടി. തൃക്കാക്കര നഗരസഭയും കോര്‍പ്പറേഷനിലെ ഒമ്പത് വാര്‍ഡുകളും യുഡിഎഫ് പിടിച്ചപ്പോള്‍ ഒമ്പത് വാര്‍ഡുകള്‍ എല്‍ഡിഎഫും സ്വന്തമാക്കി. രണ്ട് വാര്‍ഡുകളില്‍ മറ്റുള്ളവരും വിജയിച്ചു.