എറണാകുളം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരങ്ങൾ മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്‌തു. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആകെ ലഭിച്ച 5513 അപേക്ഷകരില്‍ നിന്നുമാണ് 17 വ്യത്യസ്‌ത മേഖലകളിലെ 17 മികച്ച തൊഴിലാളികളെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
സംസ്ഥാനത്തെ സമസ്‌ത മേഖലകളും പുരോഗതി കൈവരിച്ചിട്ടുള്ളത് മികച്ച തൊഴിലാളികളുടെ ആത്മാർഥമായ പരിശ്രമങ്ങളുടെ ഫലമായാണെന്ന് മന്ത്രി ശിവൻ കുട്ടി പറഞ്ഞു. പുരസ്‌കാര വിതരണത്തിലൂടെ പുരോഗമനപരമായ ഒരു തൊഴിൽ സംസ്‌കാരം സമൂഹത്തിൽ രൂപപ്പെടും. ഇതിനൊപ്പം മികവ് അംഗീകരിക്കപ്പെടുമെന്ന സന്ദേശം കൂടി പ്രചരിപ്പിക്കുവാൻ സംസ്ഥാന തൊഴിൽ വകുപ്പിന് സാധിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
ALSO READ: കെ - റെയിൽ സർവേ : വകുപ്പുകൾ തമ്മിൽ ഏകോപനമില്ല, കേരളത്തെ ശ്രീലങ്കയാക്കി മാറ്റരുതെന്ന് വി.ഡി സതീശൻ
പ്രബുദ്ധരായ തൊഴിലാളി സമൂഹത്തിന്‍റെ ആത്മാർഥ പ്രവർത്തനങ്ങളെയും മികവിനെയും പ്രോത്സാഹിപ്പിക്കുന്നതിനും, അംഗീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുളളത്. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയും വിലയിരുത്തലും അഭിമുഖവും നടത്തി അവസാന റൗണ്ടില്‍ എത്തിയ 49 പേരില്‍ നിന്നാണ് 17 ജേതാക്കളെ കണ്ടെത്തിയത്.
തൊഴിലാളികളുടെ മികവിനെ വിലയിരുത്തി പുരസ്‌കാരം നല്‍കുന്ന രാജ്യത്തെ പ്രഥമ പദ്ധതിയാണിത്. അവസാന റൗണ്ടിലെത്തിയവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. ചടങ്ങിൽ ടിജെ വിനോദ് എംഎൽഎ അധ്യക്ഷനായി.