എറണാകുളം : കൊച്ചിയിൽ ചരിഞ്ഞ കെട്ടിടം പൊളിച്ചുനീക്കാനായി തീരുമാനിച്ചിരുന്നുവെന്ന് ഉടമ നൂറുദ്ദീന്‍ മേത്തർ. ഇരുനില കെട്ടിടത്തിന് എഴുപത് വർഷത്തോളം കാലപ്പഴക്കമുണ്ട്. ഇത്തരത്തില്‍ ഒരുഭാഗം തകരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൂർണമായും അപകടാവസ്ഥയിലായ കെട്ടിടം സ്വന്തം നിലയിൽ പൊളിച്ച് നീക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒഴിവായത് വൻ അപകടം
നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടൽ റോയൽ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടമാണ് ഒരു ഭാഗത്തേക്ക് ചരിഞ്ഞത്. കെട്ടിടം പൂർണമായും നിലം പതിക്കാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.
ശബ്‌ദം കേട്ട സമയം കെട്ടിടത്തിന് സമീപത്തെ സ്റ്റേഷനറി കടയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള രാംനിവാസ് എന്ന മറ്റൊരു ഹോട്ടലിന്‍റെ മുകൾ ഭാഗത്തേക്ക് ഈ കെട്ടിടം ചരിഞ്ഞ് നിൽക്കുന്നത് സ്ഥാപനത്തിനും ഭീഷണി ഉയർത്തുന്നുണ്ട്.
അടിയന്തര നടപടികൾ സ്വീകരിച്ച് പൊലീസ്
പ്രദേശത്ത് കൂടിയുള്ള ഗതാഗതം പൂർണമായും പൊലീസ് തടഞ്ഞു. വൈദ്യുതി ബന്ധവും വിഛേദിച്ചിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരെ പൂർണമായും ഒഴിപ്പിച്ചു.
ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തി. റോയൽ ഹോട്ടൽ ഈ അടുത്തുവരെ പ്രവർത്തിച്ചിരുന്നു.
ലോക്ക്ഡൗൺ സമയത്ത് സ്ഥാപനം അടയ്ക്കുകയും പിന്നീട് തുറക്കാതിരിക്കുകയുമായിരുന്നു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ ഈ കെട്ടിടം പൊളിച്ച് നീക്കുന്നതിനാവശ്യമായ ഇടപെടൽ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നതും ഗൗരവകരമാണ്.
READ MORE: കൊച്ചിയിൽ ഇരുനില കെട്ടിടം ചരിഞ്ഞു