കൊച്ചി: വാളയാറില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് സിബിഐക്ക് വിടണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ പെൺകുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാരിനും ഇപ്പോഴും കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രിമിനൽ നടപടി ചട്ടമനുസരിച്ച് പൊതുതാൽപര്യ ഹർജി നൽകാൻ ഹർജിക്കാരന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജി നൽകിയ മലയാള വേദിക്ക് കേസുമായി എന്ത് ബന്ധമെന്നും ചോദിച്ചു.
അതേസമയം വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയാൽ മാത്രമെ പുനരന്വേഷണം സാധിക്കുകയുള്ളൂവെന്ന് സിബിഐ കോടതിയെ അറിയിച്ചു. വിചാരണ കോടതി ജഡ്ജിയുടെ വിധി നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ന്യായമാണെന്നും സിബിഐ വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പത്രറിപ്പോര്‍ട്ടുകളെല്ലം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി സംസ്ഥാനത്ത് പൊതുവില്‍ പോക്സോ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും പറഞ്ഞു.
കേസില്‍ വിചാരണ നടക്കുന്ന സമയത്തും അന്വേഷണം നടക്കുമ്പോഴും ഹര്‍ജിക്കാരന്‍ എവിടെയായിരുന്നുവെന്ന് ചോദിച്ച കോടതി സാക്ഷികള്‍ക്ക് സുരക്ഷ വേണമെന്ന ആവശ്യത്തെ വിമര്‍ശിച്ചു. വിചാരണ കഴിഞ്ഞ് വിധി വന്ന കേസില്‍ ഇനി സാക്ഷികള്‍ക്ക് എന്ത് സുരക്ഷ നല്‍കാനാണെന്നും കോടതി ചോദിച്ചു.