എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒറ്റയ്ക്കും കോണ്‍സല്‍ ജനറലിനൊപ്പവും ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ട്. ഈ കൂടിക്കാഴ്‌ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെയല്ലെന്നും സ്വപ്‌ന പറഞ്ഞു.
ഒരു സുരക്ഷ പരിശോധനയോ തടസമോ ഇല്ലാതെയാണ് ക്ലിഫ് ഹൗസിലേക്ക് കയറി പോയത്. മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധിയായ കോൺസൽ ജനറലിന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാൻ പറ്റില്ല. അതിനാൽ ഈ കൂടിക്കാഴ്‌ചയെല്ലാം ചട്ടവിരുദ്ധമാണ്.
ബുദ്ധികേന്ദ്രം വീണ വിജയന്‍ : മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കളവാണ്. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതെല്ലാം പച്ചക്കള്ളമാണെങ്കില്‍ 2016 മുതല്‍ 2020 വരെയുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.
സ്പ്രിംഗ്ലർ ഇടപാടിന്‍റെ ബുദ്ധികേന്ദ്രം വീണ വിജയനാണ്. തന്നെ ബലിയാടാക്കുകയാണെന്നും സ്പ്രിംഗ്ലർ വഴി ഡാറ്റബേസ് വിറ്റെന്നും ശിവശങ്കർ പറഞ്ഞിട്ടുണ്ട്. എക്സാലോജിക്കിന്‍റെ ഇടപെടൽ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ട്.
വിദേശത്തേക്ക് ബാഗേജ് കൊണ്ടുപോയി : ഷാർജ ഭരണാധികാരിയുടെ ഔദ്യോഗിക പരിപാടികളിൽ മാറ്റം വരുത്തി. ക്ലിഫ് ഹൗസിൽ വച്ച് നടത്തിയ യോഗത്തിൽ മുഖ്യമന്ത്രിയും കുടുംബവും പങ്കെടുത്തുവെന്നും സ്വപ്‌ന ആരോപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാവരും ഇവരെയെല്ലാം തൊഴുതുമാത്രമേ നിൽക്കാറുള്ളൂ.
അവിടെയുള്ളവരെ സ്വാധീനിക്കാൻ ഇവർക്കെല്ലാമറിയാം. ഇവർക്ക് നയതന്ത്ര പരിരക്ഷ വേണ്ടത് യുഎഇയിലാണ്. അതുകൊണ്ടാണ് യുഎഇ കോൺസൽ ജനറലിന്‍റെ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് വിദേശത്തേക്ക് ബാഗേജ് കൊണ്ടുപോയതെന്നും സ്വപ്‌ന ആവർത്തിച്ചു.