എറണാകുളം : കൊച്ചി പച്ചാളത്തെ ഷാൽബിയുടെ സ്‌മിതം എന്ന വീട് തത്തകൾക്ക് പറുദീസയാണ്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ദിനം പ്രതി നൂറോളം തത്തകളാണ് ഇവിടെയെത്തി വയറുനിറയെ ഭക്ഷണം കഴിച്ച് മടങ്ങുന്നത്. അക്ഷരാർഥത്തിൽ പക്ഷികളുടെ സമൂഹ അടുക്കള എന്ന് തന്നെ വിശേഷിപ്പിക്കാം ഈ വീടിനെ.
രാവിലെ ആറേകാലോടെയാണ് തത്തകളുടെ ആദ്യ സംഘമെത്തുക. തുടർന്ന് പതിനൊന്ന് മണിക്കും ഉച്ചയ്ക്കും വൈകുന്നേരവും തത്തകൾ ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നുണ്ട്. തിന, നെല്ല്, കടല, സൂര്യകാന്തി വിത്ത്, വെള്ളം, പാല് എന്നിവയാണ് തത്തകൾക്ക് നൽകുന്നത്.
യാദൃശ്ചികമായാണ് ഷാൽബിയുടെ വീട് തത്തകളുടെ കൂടി വീടായി മാറിയത്. രണ്ട് വർഷം മുമ്പ് വീടിന്‍റെ മതിലില്‍ വന്നിരുന്ന ഒരു തത്തയ്ക്ക് ഷാൽബി ഭക്ഷണം നൽകിയിരുന്നു. തൊട്ടടുത്ത ദിവസം ഭക്ഷണത്തിനായി എത്തിയ തത്തകളുടെ എണ്ണം രണ്ടായി. പിന്നീട് ഒരോ ദിവസവും ഭക്ഷണത്തിനായി എത്തുന്ന തത്തകളുടെ എണ്ണം വർധിച്ചുവരികയായിരുന്നു.
പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് ഇപ്പോൾ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായെന്നാണ് ഷാൽബിയുടെ അഭിപ്രായം. ഒരു ദിവസം പോലും ഭക്ഷണം മുടങ്ങരുതെന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനും ഭാര്യയ്ക്കുമുണ്ട്. വളരെ അത്യാവശ്യമായി രണ്ട് പേർക്കും പുറത്തുപോകേണ്ടി വന്നാൽ തത്തകൾക്ക് ഭക്ഷണം നൽകാൻ ബന്ധുക്കളെ ചുമതലപ്പെടുത്തും.
ALSO READ: ശംഖുമുഖം - വിമാനത്താവളം റോഡിന് പുനർജന്മം; നവീകരണം അവസാന ഘട്ടത്തിൽ
ഒരു മാസം ചുരുങ്ങിയത് മൂവായിരം രൂപയെങ്കിലും തത്തകൾക്ക് ഭക്ഷണം നൽകാനായി ചെലവ് വരുന്നുണ്ട്. ഭക്ഷണം വിളമ്പാൻ വൈകിയാൽ ജനൽ ചില്ലിൽ കൊത്തി ശബ്ദമുണ്ടക്കിയും ഉച്ചത്തിൽ കരഞ്ഞും വീട്ടുകാരുടെ ശ്രദ്ധയാകർഷിക്കാനും തത്തകൾ മടിക്കാറില്ല. മനുഷ്യനും പക്ഷികളും തമ്മിലുള്ള കലവറയില്ലാത്ത സ്നേഹത്തിന്‍റെ കേന്ദ്രമാണ് തത്തകളുടെ ഈ വീട്.