എറണാകുളം : സിനിമ സാംസ്‌കാരിക മേഖലയ്ക്ക് കെ.പി.എസി ലളിതയുടെ മരണം തീരാനഷ്‌ടമാണെന്ന് മന്ത്രി സജി ചെറിയാൻ. അന്തരിച്ച ചലച്ചിത്ര നടി കെ.പി.എ.സി ലളിതയ്ക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിനയ രംഗത്ത് മികവ് തെളിയിച്ച നടന വിസ്‌മയമായിരുന്നു അവർ. ഇടതുപക്ഷ സഹയാത്രികയെന്ന നിലയിൽ കേരളത്തിന്‍റെ സാമൂഹിക ജീവിതത്തെ തൊട്ടറിഞ്ഞ വ്യക്തി കൂടിയായിരുന്നു. അവരുടെ അതുല്യമായ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. സംസ്ഥാന സർക്കാറിന് വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. ജില്ല ഭരണകൂടത്തിന് വേണ്ടി കലക്‌ടർ ജാഫർ മാലിക് റീത്ത് സമർപ്പിച്ചു.
രാവിലെ ഏട്ട് മണിയോടെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് മൃതദേഹം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ എത്തിച്ചത്. നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, പൃഥിരാജ്, ജനാർദനന്‍ , മനോജ് കെ ജയൻ, ടിനിടോം, നടിമാരായ ശ്വേത മേനോൻ, നവ്യനായർ, മഞ്ജു പിള്ള തുടങ്ങിയ താരങ്ങളെല്ലാം കെ.പി.എസി ലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ALSO READ: കെ.പി.എ.സി ലളിതയ്ക്ക് പ്രണാമം അർപ്പിച്ച് കേരളം; സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയില്‍
സമൂഹത്തിന്‍റെ നാനാ തുറകളിൽൽപ്പെട്ട നൂറ് കണക്കിനാളുകളാണ് കെ.പി.എ.സി ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്. പതിനൊന്ന് മണിയോടെ മൃതദേഹം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി.
കരൾരോഗത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന കെ.പി.എസി ലളിത ഇന്നലെ രാത്രി 10:45 ഓടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽവച്ചാണ് അന്തരിച്ചത്. സംസ്‌കാരം വൈകിട്ട് 5ന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.