എറണാകുളം : പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിച്ച ആർ.ഡി.എസ് നിര്‍മാണകമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായുള്ള നടപടികൾ തുടങ്ങിയെന്നും എല്ലാ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ആർ.ഡി.എസിനെ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ ആർ.ഡി.എസ് അധികൃതര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കമ്പനിയുടെ എംഡി തന്നെ ഈ കേസില്‍ ജയിലിലടക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.
പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ ആർ.ഡി.എസിനെ ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്‌ത് ആർ.ഡി.എസ് കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് സർക്കാർ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാറില്‍ നിന്ന് കമ്പനിയെ ഒഴിവാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.