കൊച്ചി: സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച അന്വേഷണ സമിതിക്കെതിരെ പി.ടി.തോമസ് എം.എൽ.എ. ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തിയാണ് സമിതി അംഗമായ ആരോഗ്യ വകുപ്പ് മുൻ സെക്രട്ടറി രാജീവ് സദാന്ദൻ. കിരൺ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിന്‍റെ പേരിൽ ഈ സർക്കാർ തന്നെയാണ് അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ആർ.സി.സി.യിലെ പതിനായിരകണക്കിന് വരുന്ന രോഗികളുടെ സമ്മതമില്ലാതെ അവരുടെ ഡാറ്റ സ്വകാര്യ കമ്പനിക്ക് കൈമാറിയ വ്യക്തിയാണ് രാജീവ് സദാന്ദനെന്നും പി.ടി. തോമസ് ആരോപിച്ചു.
അന്വേഷണ സമിതി അംഗമായ മാധവൻ നമ്പ്യാറും ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഇരുവരും സമിതി അംഗങ്ങളായി ചുമതല ഏറ്റെടുക്കില്ലന്നാണ് പ്രതീക്ഷ. ഈ കമ്മിറ്റിക്ക് യാതൊരു അധികാരവുമില്ല. ജനങ്ങൾക്ക് വിശ്വാസയോഗ്യമായ അന്വേഷണമാണ് ആവശ്യം. സഹകരണ ബാങ്ക് ജീവനക്കാരിൽ നിന്ന് സമ്മർദ്ദം ചെലുത്തി പണം പിടിച്ചു വാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്പ്രിംഗ്ലറുമായുണ്ടാക്കിയ കരാർ കൊവിഡ് വ്യാപനം തടയുന്നതിന് എന്ത് സഹായമാണ് ചെയ്‌തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.