കൊച്ചി: സിനിമകളുടെ ഓൺലൈൻ റിലീസിനെ എതിർത്ത് മലയാള സിനിമ നിർമ്മാതാക്കൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടത്തിയ കണക്കെടുപ്പിൽ ഒ.ടി.ടി റിലീസിന് താൽപര്യം പ്രകടിപ്പിച്ചത് രണ്ട് ലോ ബഡ്ജറ്റ് ചിത്രങ്ങൾ മാത്രമാണ്. 66 നിർമ്മാതാക്കളിൽ നിന്നാണ് കേരള ഫിലിം പ്രെഡ്യൂസേഴ്സ് അസോസിയേഷൻ ഇക്കാര്യത്തിൽ അഭിപ്രായം തേടിയത്. ഇക്കാര്യം ഫിലിം ചേംബറിനെയും തീയേറ്റർ ഉടമകളേയും നിർമ്മാതാക്കൾ അറിയിക്കും.
ലോക്ക് ഡൗണിനെ തുടർന്ന് തീയേറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് മലയാള സിനിമയിൽ ഓൺലൈൻ റിലീസിനെ കുറിച്ച് ചർച്ചകൾ സജീവമായത്. സൂഫിയും സുജാതയും ചിത്രത്തിന്‍റെ നിർമ്മാതാവ് വിജയ് ബാബു ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ തീയേറ്റർ ഉടമകളുടെ സംഘടന ഇതിനെതിരെ രംഗത്ത് വരികയും, നിർമ്മാതാക്കളുടെ സംഘടനയോട് നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു. ഓൺലൈൻ റിലീസ് സിനിമാ മേഖലയിലെ സംഘടനകൾക്കിടയിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഫിലിം ചേമ്പറിന്‍റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകളും നടത്തിയിരുന്നു. ഇതോടെയാണ് ഓൺലൈൻ റിലീസിനെ പിന്തുണച്ചിരുന്ന നിർമ്മാതാക്കളുടെ സംഘടന തീയറ്റർ റിലീസിന് പ്രാമുഖ്യം നൽകാൻ തീരുമാനിച്ചത്. റിലീസ് മുടങ്ങി കിടക്കുന്ന സിനിമകളുടെ നിർമ്മാതാക്കളോട് ഒ.ടി.ടി റിലീസ് താൽപര്യമുണ്ടങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം മാത്രം ഓൺലൈൻ റിലീസ് അനുവദിക്കാമെന്ന ധാരണയിൽ ഫിലിം ചേംബർ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് ഭൂരിഭാഗം നിർമ്മാതാക്കളും തീയേറ്റർ റിലീസ് മതിയെന്ന് തീരുമാനിച്ചത്.