എറണാകുളം: ലോക്ക് ഡൗണ്‍ മൂലം ഒരു മാസത്തോളമായി സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് കുടുംബം പുലര്‍ത്തുന്നത്. ലോക്ക് ഡൗണ്‍ വന്നതിന് ശേഷം ഇവരെല്ലാം നിത്യചെലവിന് വരുമാനം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഇതിനിടെ നേരിയ ആശ്വാസമായാണ് നിബന്ധനകള്‍ക്ക് വിധേയമായി സര്‍വീസ് നടത്താന്‍ സ്വകാര്യ ബസ് മേഖലക്ക് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്.
എന്നാല്‍ നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്തുന്നത് വീണ്ടും വലിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ ബസ് ഉടമകള്‍ സര്‍വീസ് നടത്താന്‍ തയാറാകുന്നില്ല. ഇതോടെ സംസ്ഥാനത്തെ പതിനായിരകണക്കിന് ബസ് തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇരുകൂട്ടര്‍ക്കും പ്രതിസന്ധികള്‍ സൃഷ്ടിക്കാത്ത തരത്തില്‍ അടിയന്തരമായി സ്വകാര്യ ബസ് മേഖലയിലെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ ആന്‍റ് എഞ്ചിനിയറിങ് ലേബർ സെന്‍റര്‍ സംസ്ഥാന ഭാരവാഹിയോഗം ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും, തൊഴിൽ വകുപ്പ് മന്ത്രിക്കും സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണർക്കും നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.