എറണാകുളം: ഇന്ധനവില വര്‍ധനവിനെതിരെ റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ കേസെടുത്ത് മരട് പൊലീസ്. വൈറ്റിലയിൽ നടന്ന പ്രതിഷേധ സമരത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ദേശീയ പാതയിൽ വഴി തടഞ്ഞതിനും നടൻ ജോജു ജോര്‍ജിന്‍റെ വാഹനം ആക്രമിച്ചതിനുമെതിരെ കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.
കോൺഗ്രസ് റോഡ് ഉപരോധത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരായ കോൺഗ്രസ് ആരോപണം പാളി. നടൻ വാഹനമോടിക്കുമ്പോൾ മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകൾക്കെതിരെ കയ്യേറ്റം നടത്തിയെന്നും അശ്ലീലം പറഞ്ഞുവെന്ന ആരോപണവും ശരിയല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
തന്‍റെ പ്രതികരണം ഒരു പാർട്ടിയ്ക്കെതിരെയല്ലെന്ന് നടൻ ജോജു വ്യക്തമാക്കി. രോഗികൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ പ്രയാസം മനസിലാക്കിയാണ് പ്രതികരിച്ചത്. തനിക്ക് ഷൈൻ ചെയ്യേണ്ട ആവശ്യമില്ല. അത് സിനിമയിൽ ചെയ്യുന്നു. ഇതൊരു ആഘോഷമാക്കരുത്. ഈ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും ജോജു പറഞ്ഞു. മരട് പൊലീസ് സ്റ്റേഷനിൽ വെച്ച് ജോജുവിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Read more: കൂടുതല്‍ ദൃശ്യം: വഴിതടയലിനെതിരെ ജോജു; വാഹനത്തിന്‍റെ ഗ്ലാസ് പൊളിച്ച് അക്രമികള്‍