എറണാകുളം: മൂവാറ്റുപുഴയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി ബേസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം. ബൈക്കിലെത്തിയ ബേസിൽ അഖിലിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ബേസിലിന്‍റെ സുഹൃത്തിനെ സംഭവം നടന്ന ഞായറാഴ്ച വൈകിട്ട് മറ്റൊരു സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബേസിലിന്‍റെ സഹോദരിയുമായി അഖിൽ പ്രണയത്തിലായിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇന്നലെ വൈകിട്ടോടെയാണ് ബേസിൽ അഖിലിനെ ആക്രമിച്ചത്. അഖിൽ കൂട്ടുകാരനുമൊത്ത് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മാസ്ക് വാങ്ങി ഇറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ ബേസിൽ വടിവാൾ ഉപയോഗിച്ചു വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
ക്യത്യം നടത്തിയതിന് ശേഷം പ്രതി ബേസിൽ വീടിന് സമീപത്തെ കപ്പത്തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. വെളുപ്പിന് ബേസിൽ കറുകടത്തുള്ള ബന്ധു വീട്ടിലേക്ക് രാവിലെ പോയി. ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നതറിഞ്ഞ പ്രതി മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് അടുത്തുള്ള കെട്ടിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ബേസിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ആക്രമണത്തിൽ അഖിലിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണിന് നിസാര പരിക്കുണ്ട്. കൈയ്‌ക്കും തലയ്ക്കും സാരമായി പരിക്കേറ്റ അഖിലിനെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. കൈയ്‌ക്ക് വെട്ടേറ്റ അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ ഇപ്പോൾ ചികിത്സയിലാണ്. വെട്ടാനുപയോഗിച്ച വാളുകൾ പ്രതിയുടെ വീടിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതി ഉപയോഗിച്ച ബൈക്കും പൊലിസ് പിടികൂടി.