എറണാകുളം: പുരാവസ്‌തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്‌തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പഠന സഹായം വാഗ്‌ദാനം ചെയ്‌ത്, മോൻസണ്‍ തൻ്റെ ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഭയമുള്ളതു കൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നാണ് പെൺകുട്ടിയുടെ അമ്മ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. 2019ലാണ് കേസിനാസ്‌പദമായ സംഭവം. തൻ്റെ ജോലിക്കാരിയുടെ മകൾക്ക് തുടർവിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് മോൻസണ്‍ പലപ്പോഴായി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
മോൻസൻ്റെ കലൂരിലെ വീട്ടിൽ വെച്ചായിരുന്നു പീഡനം നടന്നതെന്നാണ് ആരോപണം. ഈ കേസിലും മോൻസൻ്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിൻ്റെ തീരുമാനം.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസനെതിരെ ഏഴ് കേസുകൾ നിലവിലുണ്ട്. ഇതിനു പുറമെയാണ് പുതുതായി പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്‌തത്. സാമ്പത്തിക തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് നിലവിൽ മോൻസണ്‍ റിമാൻഡിലാണ്.
Also read: പുരാവസ്‌തു തട്ടിപ്പ് കേസ് : മോന്‍സണെതിരെ അന്വേഷണം ആരംഭിച്ച് ആദായ നികുതി വകുപ്പ്