കാസര്‍കോട് : പെരിയ ഇരട്ടകൊലപാതക കേസിന്‍റെ വിചാരണ നടപടികള്‍ക്ക് തുടക്കം. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ 22 പേരാണ് ഇന്ന് (17 മെയ്) എറണാകുളം സിബിഐ കോടതിയില്‍ ഹാജരായത്. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ഈ മാസം 31-ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കൊലപാതകത്തില്‍ പങ്ക് ഉള്ള ഉന്നതരിലേക്ക് അന്വേഷണം എത്തിയില്ലെന്ന മരണപ്പെട്ട കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും കുടുംബത്തിന്‍റെ ആരോപണം കോടതിയിലും തുടര്‍ന്നിരുന്നു. കൊലപാതകത്തിന് കാരണം രാഷ്‌ട്രീയ വൈരാഗ്യം ആണെന്നാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 24 പ്രതികള്‍ ഉള്ള കേസില്‍ 17 പേര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും, ശരത് ലാലും കൊല്ലപ്പെടുന്നത്. ലോക്കല്‍ പൊലീസും, ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസില്‍ അന്വേഷണം നടത്തിയത്. പിന്നാലെ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്.