എറണാകുളം: പറവൂരിൽ യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സഹോദരി ജിത്തു പൊലീസ് പിടിയിൽ. കാക്കനാട് ഒളിവിൽ കഴിയവയെയാണ് ജിത്തു പിടിയിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ജിത്തു കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ജിത്തുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ജിത്തുവിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം തുടരുന്നതിനിടെയാണ് പിടിയിലായത്. സഹോദരി വിസ്‌മയയെ കൊലപെടുത്തി ജിത്തു ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
പറവൂർ വിസ്‌മയ കൊലപാതകം
പറവൂർ പെരുവാരം സ്വദേശി വിസ്‌മയയെ ചൊവ്വാഴ്‌ച വൈകുന്നേരമാണ് വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണു മകൾ വിസ്‌മയ ദുരൂഹ സാഹചര്യത്തിൽ തീ പൊളളലേറ്റ് മരിച്ചത്. ചൊവ്വാഴ്‌ച മൂന്ന് മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയൽവാസികളാണ് വിവരം പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്.
പൊലീസും ഫയർഫോഴ്‌സും എത്തിയപ്പോൾ വീടിന്‍റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. വീടിന്‍റെ രണ്ട് മുറികൾ പൂർണമായി കത്തിയിരുന്നു.
അതിൽ ഒന്നിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന മാലയുടെ അടിസ്ഥാനത്തിലാണ് മൂത്ത മകൾ വിസ്‌മയയാണു മരിച്ചതെന്നു മാതാപിതാക്കൾ അറിയിച്ചത്.
സംഭവം നടന്നയുടനെ പെൺകുട്ടികളിലൊരാൾ വീട്ടിൽ നിന്നും ഓടി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് വിസ്‌മയയുടെ സഹോദരി ജിത്തുവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് വിസ്‌മയെ കൊലപ്പെടുത്തി സഹോദരി രക്ഷപ്പെടുകയായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
അതേ സമയം യുവതി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നാണ് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചത്.
READ MORE: പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരി കൊലപ്പെടുത്തിയതെന്ന് നിഗമനം