കൊച്ചി: കേരളത്തിൽ ഈ സാമ്പത്തിക വർഷം ഒരു ലക്ഷം സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) ആരംഭിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സഹകരണ എക്സ്പോയിൽ വ്യവസായം, ചെറുകിട വ്യവയാസം, തൊഴില്‍ വരുമാന വര്‍ദ്ധനവ് എന്നീ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേ ഹം.
കേരളത്തിൽ കഴിഞ്ഞ ഒമ്പത് മാസം കൊണ്ട് പതിനായിരത്തിലധികം എം.എസ്.എം.ഇകൾ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തും സഹകരണ വകുപ്പും സഹകരിച്ച് ഒരുലക്ഷമെന്ന ലക്ഷ്യം പൂർത്തിയാക്കാനാണ് ഉദേശിക്കുന്നത്. മലിനീകരണമുണ്ടാക്കാൻ സാധ്യതയുള്ള വ്യവസായങ്ങൾക്ക് കേരളത്തിൽ സാധ്യതയില്ല. പരിസ്ഥി സൗഹൃദമായ വ്യവസായ നിക്ഷേപത്തിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആഗോള തലത്തിൽ തന്നെ ഇ എസ് ജി (എന്‍വയോണ്‍മെന്‍റ്, സോഷ്യല്‍ ആന്‍റ് ഗവേര്‍ണന്‍സ്) മാനദണ്ഡങ്ങൾ പാലിച്ചാണ് കൂടുതൽ നിക്ഷേപം ഒഴുകുന്നത്. കേരളത്തെ എങ്ങനെ ഇ.എസ്.ജി നിക്ഷേപത്തിന്റെ കേന്ദ്രമാക്കാമെന്നാണ് ചർച്ച ചെയ്യുന്നത്. വ്യവസായ വകുപ്പ് രണ്ടായിരം ഏക്കർ ഭൂമിയാണ് പത്ത് മാസം കൊണ്ട് ഏറ്റെടുത്തത്. എതിർപ്പില്ലാതെ ഭൂമി ഏറെടുക്കുന്നത് നല്ല സൂചനയാണ്.
ഫുഡ് പ്രോസെസിംഗ്, ഇലക്ട്രോണിക്‌സ്, മെഡിക്കൽ മേഖലകളിലാണ് കേരളത്തിന് നല്ല സാധ്യതയുള്ളത്. കേരളത്തിലെ പൊതുമേഖല വ്യവസായം മാറ്റത്തിന്റ പാതയിലാണ്. സ്വകാര്യ മേഖലയിലെ വ്യവസായ പാർക്ക് എന്നത് നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സ്വകാര്യ മേഖല വ്യവസായ പാർക്കുകൾ ഉടൻ യാഥാർത്ഥ്യമാവുകയാണ്. ഇവിടെ സഹകരണ മേഖലയ്ക്ക് വ്യവസായ പാർക്കുകൾ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടികാണിച്ചു.
ഒന്നോ രണ്ടോ ബാങ്കുകൾ ചേർന്ന കൂട്ടായ്‌മ സ്വകാര്യ മേഖല പാർക്കുകൾ ആരംഭിക്കണമെന്നും സഹകരണ മേഖലയ്ക്ക് ഇടപെടാൻ കഴിയുന്ന മേഖലയാണിതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ അദ്ധ്യക്ഷതയിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.
Also Read വൈവിധ്യങ്ങളുടെ ഉത്സവമായി കൊച്ചിയിലെ സഹകരണ എക്സ്പോ 2022