എറണാകുളം: കടലാസ് പുലികള്‍ക്കു മുന്നില്‍ യുഡിഎഫ് തോറ്റുകൊടുക്കില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയിലിന്‍റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയുടെ പ്രസ്‌താവന ഗൗനിക്കുന്നില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണ് സിപിഎമ്മിന്‍റെ പ്രധാന പണിയെന്നും അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ല സെക്രട്ടറിയെന്നും വി.ഡി സതീശൻ ആരോപിച്ചു.
ജനങ്ങള്‍ക്കു വേണ്ടിയാണ് യുഡിഎഫ് സമരം ചെയ്യുന്നത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുമാണ് കെ റെയിലിന് ഇരകളാകാന്‍ പോകുന്നത്. കെ റെയിൽ വന്നാൽ സംസ്ഥാനത്തിനുണ്ടാകുന്ന പാരിസ്ഥിതിക-സാമൂഹിക ആഘാതവും സാമ്പത്തികമായുണ്ടാകുന്ന പ്രശ്‌നങ്ങളും കേരളത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്‌നങ്ങളാണന്നും വി.ഡി സതീശൻ പറഞ്ഞു.
വി.മുരളീധരൻ പറയുന്നതിന് നേരെ വിപരീതമായി പ്രവർത്തിക്കുന്നയാളെന്ന് വി.ഡി സതീശൻ
കെ റെയിലിന് എതിരായി സമരം ചെയ്യുമെന്നു പറയും. എന്നിട്ട് റെയില്‍വേ മന്ത്രാലയത്തെക്കൊണ്ട് കെ-റെയിലിന് അനുകൂലമായ സത്യവാങ്മൂലം കോടതിയില്‍ കൊടുപ്പിക്കും. വി.മുരളീധരൻ പറയുന്നതിനു നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ആളാണെന്നും പകല്‍ പത്രസമ്മേളനം നടത്തി ബഹളമുണ്ടാക്കിയിട്ട് രാത്രിയില്‍ സെറ്റില്‍ ചെയ്യാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കണ്ണൂര്‍ വിസിയുടെ നിയമനം നിയമവിരുദ്ധമാണെന്നു ഗവര്‍ണറാണ് പറഞ്ഞത്. നിയമവിരുദ്ധമാണെങ്കില്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ വൈസ് ചാൻസലറെ പുറത്താക്കുകയോ ആണ് ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത്. ആല്ലാതെ ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നു പറഞ്ഞാല്‍ അതു നിയമപരമായ പ്രതിസന്ധിയാണ്. വേണമെങ്കില്‍ രണ്ടു ദിവസത്തേക്ക് ഗവര്‍ണറെ വിമര്‍ശിക്കുന്നത് പ്രതിപക്ഷം നിര്‍ത്തിവയ്ക്കാം. സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചു ചെയ്ത നിയമവിരുദ്ധമായ കാര്യം തിരുത്താന്‍ മുരളീധരന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
'ആരോഗ്യവകുപ്പിലെ ഫയലുകൾ രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ അറിവോടെ നശിപ്പിച്ചു'
നിയമപരമായ ഒരു നടപടിക്രമങ്ങളും പാലിക്കാതെ 1600 കോടി രൂപയുടെ പര്‍ച്ചേസാണ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയത്. ഇതിലെല്ലാം വ്യാപകമായ അഴിമതിയുണ്ടന്ന് വി.ഡി സതീശൻ ആരോപിച്ചു. 550 രൂപ വിലയുള്ള പി.പി.ഇ കിറ്റ് 1600 രൂപയ്ക്കാണ് വാങ്ങിയത്. മൂന്നിരട്ടി വില കൊടുത്തിട്ടും ഗുണനിലവാരമില്ലാത്ത കിറ്റുകളാണ് വാങ്ങിയത്. ഒരു കോടി ഗ്ലൗസുകള്‍ വാങ്ങിയതിലും അഴിമതി നടത്തി.
അഴിമതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ മൂവായിരത്തിലധികം കമ്പ്യൂട്ടര്‍ ഫയലുകളും അഞ്ഞൂറിലധികം പേപ്പര്‍ ഫയലുകളും നശിപ്പിച്ചു. ആരോഗ്യവകുപ്പില്‍ നിന്നും 500 ഫയലുകള്‍ കാണാതായി. രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെയാണ് അഴിമതി നടന്നത്. ഒരാളെ മാത്രം സസ്‌പെന്‍ഡ് ചെയ്‌ത് അയാള്‍ മാത്രമാണ് അഴിമതി നടത്തിയതെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.