എറണാകുളം: ബലാത്സംഗത്തിന് ഇരയായ സുഹൃത്തിന് നീതികിട്ടിയില്ലെന്ന് മുന്‍ വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി ഒളിമ്പ്യൻ മയൂഖ ജോണിയുടെ വെളിപ്പെടുത്തല്‍.
അഞ്ച് വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ എസ്‌പി ജി പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു.എന്നാല്‍ തുടർ നടപടികൾ ഉണ്ടായില്ല. പൊലീസിൽ നിന്നും മോശം സമീപനമാണ് ഉണ്ടായത്. വനിത കമ്മിഷൻ അധ്യക്ഷയായിരുന്ന എം.സി ജോസഫൈൻ പ്രതികൾക്കായി ഇടപെട്ടെന്നുമാണ് മയൂഖയുടെ ഗുരുതര ആരോപണം.
Also read: ഒടുവിൽ രാജി; എംസി ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു
ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌തതെന്ന് മയൂഖ ആരോപിച്ചു. സാമ്പത്തിക പിൻബലവും രാഷ്‌ട്രീയ സ്വാധീനവുമുള്ള പ്രതിയുടെ ഇടപെടൽ കാരണമാണ് അന്വേഷണവും തുടർ നടപടികളും ഉണ്ടാകാത്തത്.
2016 ജൂലായ് മാസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയും നഗ്ന വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു.
Also read: ജോലി വാഗ്ദാനം ചെയ്ത് പീഡനം; യുവാവ് പൊലിസ് പിടിയിൽ
പിന്നീട് ഇതിന്‍റെ പേരിൽ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. അവിവാഹിതയായ പെൺകുട്ടി തന്‍റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ പരാതിപ്പെട്ടിരുന്നില്ല.
'കേസെടുക്കാതെ പൊലീസ്'
കൗൺസിലിങ്ങിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ വർഷമവസാനം വീണ്ടും ഭീഷണിയുമായി പ്രതി രംഗത്തെത്തിയത്. ഗുണ്ടയായ മുംബൈ സാബുവിനൊപ്പമെത്തിയാണ് ജോൺസൺ ഭീഷണിപ്പെടുത്തിയത്.
ഇതിനിടയിൽ മൂന്ന് വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. ഭർതൃവീട്ടുകാർ സംഭവം അറിയുകയും അവർ മുൻകൈയ്യെടുത്ത് എസ്‌പിയ്ക്ക് പരാതി നൽകുകയും ചെയ്‌തു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും മയൂഖ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിന് പിന്നാലെ പൊലീസ് തന്‍റെ മൊഴിയെടുത്തുവെന്നും തെളിവില്ലാത്തതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതായും മയൂഖ വ്യക്തമാക്കി.പെൺകുട്ടിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.