കൊച്ചി: എറണാകുളം ജില്ലയില്‍ 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍' പദ്ധതി കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായ നിയമസഭാസമിതി. ടാങ്കര്‍ ലോറികള്‍ക്ക് ആവശ്യമായ വെള്ളം നല്‍കുന്നതിന് ആലുവയിലും മരടിലും ഹൈഡ്രന്റുകളുടെ എണ്ണം കൂട്ടും. ഇതിന് ദുരന്തനിവാരണ നിയമപ്രകാരം ഉടനടി ഭരണാനുമതി ലഭ്യമാക്കാന്‍ ജില്ലാ കലക്ടറെ സമിതി ചുമതലപ്പെടുത്തി.
ജലവിഭവ വകുപ്പില്‍നിന്നും 80 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കുന്നതിന് സമിതി ഇടപെടും. മലിനജലം വിതരണം ചെയ്യുന്നില്ലെന്നുറപ്പാക്കാന്‍ പൊലീസ്, ആര്‍.ടി.ഒ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ സംയുക്തപരിശോധനകള്‍ നടത്തണം. പൊലീസും ആര്‍ടിഒയും പരിശോധന ശക്തമാക്കണം. വാട്ടര്‍ അതോറിറ്റി നല്‍കുന്ന ഗേറ്റ് പാസ് പരിശോധിച്ച ശേഷമേ പൊലീസ് ടാങ്കറുകള്‍ കടത്തിവിടാവൂ. വാട്ടര്‍ അതോറിറ്റിയില്‍നിന്നുള്ള കുടിവെള്ളവിതരണം വിപുലപ്പെടുത്താനും കാര്യക്ഷമമാക്കാനും ജില്ലാ കലക്‌ടറുടെ മേല്‍നോട്ടത്തില്‍ നടപടിയുണ്ടാകും. കൃത്യവിലോപം കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതിനാവശ്യമായ ശുപാര്‍ശ സമിതി നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
പുഴകളിലേക്ക് മാലിന്യപൈപ്പുകള്‍ തുറന്നുവിടുന്നത് പരിശോധിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോടും മലിനീകരണ നിയന്ത്രണബോര്‍ഡിനോടും സമിതി ആവശ്യപ്പെട്ടു. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ടാങ്കര്‍ ലോറികള്‍ക്ക് ജനുവരി 30നകം നിറം നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വാട്ടര്‍ അതോറിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ പറഞ്ഞു.
സമിതി അംഗങ്ങളും എംഎല്‍എമാരുമായ ആര്‍.രാമചന്ദ്രന്‍, എം.സ്വരാജ്, പി.ഉബൈദുള്ള, വി.പി സജീന്ദ്രന്‍, രാജു എബ്രഹാം, സി.മമ്മൂട്ടി, തൃക്കാക്കര എംഎല്‍എ പി.ടി.തോമസ്, റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, ടാങ്കര്‍ ലോറി ഉടമകള്‍, വിവിധ സ്ഥാപനയുടമകള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി മൂന്നാംവാരം സമിതിയുടെ അടുത്ത സിറ്റിങ് നടക്കും.