കൊച്ചി: നവീകരിച്ച നായരമ്പലം പഞ്ചായത്ത് ഓഫീസും കമ്മ്യൂണിറ്റി ഹാളും നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐഎസ്ഒ അംഗീകൃത സർട്ടിഫിക്കറ്റ് സ്പീക്കർ പഞ്ചായത്ത് പ്രസിഡന്‍റ് ഇ പി ഷിബുവിന് കൈമാറി. വൈപ്പിൻ കരയുടെ പശ്ചാത്തല സൗകര്യ വികസന രംഗത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ ഒരു അധ്യായമാണ് തുടങ്ങിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് പരമാവധി സേവനങ്ങൾ നൽകി ജനപക്ഷ പഞ്ചായത്തായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
വൈപ്പിന്‍ പള്ളിപ്പുറം സംസ്ഥാന പാതയില്‍ നിര്‍മ്മിച്ചിരിക്കുന്ന നവീകരിച്ച പഞ്ചായത്ത് കെട്ടിടത്തില്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ ഓഫീസ് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. കോൺഫറൻസ് ഹാൾ, ഫ്രണ്ട് ഓഫീസ്, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്ക്, കുടിവെള്ള സംവിധാനം, ആധുനിക ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, മുലയൂട്ടൽ മുറി തുടങ്ങിയവയെല്ലാം നവീകരിച്ച കെട്ടിടത്തിലുണ്ട്. 2.63 കോടി രൂപ ചിലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. എം ജി എൻ ആർ ഇ ജി എസ് ഓഫീസ്, കോൺഫറൻസ് ഹാൾ, എൽ എസ് ജി ഡി എഞ്ചിനീയറുടെ കാര്യാലയം, വി ഇ ഒ ഓഫീസ്, ഇരിപ്പിടങ്ങൾ, കുടിവെള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
എസ് ശർമ എംഎൽഎയുടെ ആസ്തി വികസന പദ്ധതി പ്രകാരമാണ് അത്യാധുനിക സംവിധാനങ്ങളോടെ പഞ്ചായത്ത് ഓഫീസും ആയിരം പേർക്ക് ഇരിക്കാവുന്ന കമ്മ്യൂണിറ്റി ഹാളും നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല. ബിപിഎൽ വിഭാഗങ്ങൾക്ക് കമ്മ്യൂണിറ്റി ഹാൾ സൗജന്യമായി ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എസ് ശർമ എംഎൽഎ പറഞ്ഞു. ചടങ്ങില്‍ ഹൈബി ഈഡൻ എംപി, ജോൺ ഫെർണാണ്ടസ് എംഎൽഎ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.