എറണാകുളം: ഐ.ബി. ഉദ്യോഗസ്ഥനായിരുന്ന ആർ.ബി ശ്രീകുമാറിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന് നമ്പി നാരയണൻ മൊഴി നൽകിയെന്നു സി.ബി.ഐ ഹൈക്കോടതിയില്‍. ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്താണ് സി.ബി.ഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
വി.എസ്.എസ്.സിയിൽ കമാൻഡന്‍റ് ആയി ജോലി ചെയ്തിരുന്ന വേളയിൽ ബന്ധുവിന് ജോലി നൽകണമെന്ന് ആർ.ബി ശ്രീകുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നതായാണ് നമ്പി നാരായണൻ വ്യക്തമാക്കിയത്. ഇതിന് തയ്യാറാകാത്തതിനാൽ ഭീഷണിപ്പെടുത്തിയെന്നും നമ്പി നാരായണൻ മൊഴി നൽകിയിട്ടുണ്ട്.
കൂടുതല്‍ വായനക്ക്: ഐ.എസ്.ആർ.ഒ ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യം നീട്ടി ഹൈക്കോടതി
ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനും ചാരക്കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്ത ശശികുമാറും ആർ.ബി.ശ്രീകുമാർ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ മൊഴിനൽകിയിട്ടുണ്ട്. ജൂലൈ നാലിനാണ് പ്രധാന സാക്ഷികളായ നമ്പി നാരായണനും, ശശികുമാറും പ്രതികൾക്കെതിരെ മൊഴി നൽകിയത്. അതേസമയം അഡീഷണൽ സോളിസിറ്റർ ജനറൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് നാളത്തേക്ക് മാറ്റി.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്
ഇന്‍റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ട്ടർ ആർ.ബി.ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ തമ്പി എസ് ദുർഗാദത്ത്, എസ്.വിജയൻ, മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്‍റലിജൻസ് ഓഫീസർ പി.എസ് ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.1994 ലെ ഐ.എസ്.ആർ.ഒ ചാരക്കേസിന്‍റെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതു പ്രകാരമാണ് സി.ബി.ഐ കേസെടുത്തത്.