എറണാകുളം: മുട്ടിൽ മരംമുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി ഹൈക്കോടതി തള്ളി. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നിലവിൽ കേസ് സിബിഐക്ക് കൈമാറേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന് കോടതി മാർഗ നിർദേശം നൽകി. കേസിന്‍റെ എല്ലാ വശങ്ങളും പരിഗണിച്ചുളള ആഴത്തിലുള്ള അന്വേഷണം നടത്തണം. അന്വേഷണം തൃപ്‌തികരമല്ലെങ്കിൽ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. ഈ കേസ് ഏറ്റെടുത്ത് അന്വേഷിക്കാൻ സിബിഐക്ക് നിയമപരമായി കഴിയില്ലെന്ന വാദവും സർക്കാർ ഉന്നയിച്ചിരുന്നു.
READ MORE: മുഖ്യമന്ത്രിക്ക് വനം മാഫിയ ബന്ധം ; ആരോപണവുമായി കെ സുധാകരൻ