എറണാകുളം: തട്ടിപ്പിനായി പുരാവസ്‌തുക്കളുടെ മാതൃകകൾ മോൻസൺ നിർമിച്ചത് കൊച്ചിയിലെന്ന് അന്വേഷണ സംഘം. ടിപ്പുവിന്‍റെ സിംഹാസനം കുണ്ടന്നൂരും മോശയുടെ അംശവടി എളമക്കരയിലും നിർമിച്ചതാണെന്ന് കണ്ടെത്തി. ആലപ്പുഴയിലും ചില വസ്‌തുക്കൾ നിർമിച്ചിട്ടുണ്ട്.
തന്‍റെ കൈവശമുള്ളത് അമൂല്യമായ പുരാവസ്‌തുക്കൾ ആണെന്നും വിദേശത്ത് നിന്ന് എത്തിച്ചതെന്നുമായിരുന്നു മോന്‍സണ്‍ മാവുങ്കൽ പ്രചരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചും ഇത്തരത്തിൽ അവകാശവാദമുന്നയിച്ചിരുന്നു. ടിപ്പുവിന്‍റെ സിംഹാസനം മൂന്ന് വർഷങ്ങൾക്ക് മുമ്പ് കുണ്ടന്നൂരിൽ ആണ് നിർമിച്ചത്. കൊല്ലം സ്വദേശിയായ അരുൺ ഉണ്ടാക്കിയ സിംഹാസനം കലൂരിലെ മോൻസന്‍റെ വീട്ടിൽ എത്തിക്കുകയായിരുന്നു.
മോശയുടെ അംശവടി എളമക്കരയിൽ വച്ചാണ് നിർമിച്ചത്. സിനിമ സീരിയൽ ആവശ്യങ്ങൾക്കായി പുരാവസ്‌തുക്കളുടെയും മറ്റും മാതൃകകൾ വിതരണം ചെയ്യുന്ന സന്തോഷാണ് മോൻസണ് ഇത് നൽകിയത്. ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ശ്രീനാരായണ ഗുരുവിന്‍റെ ഊന്നുവടി, യേശുവിനെ ഒറ്റിയ യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങി മോൻസണ്‍ മാവുങ്കലിന്‍റെ വീട്ടിലുണ്ടായിരുന്ന മറ്റ് വ്യാജ പുരാവസ്‌തുക്കളുടെ ഉറവിടവും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.
Also read: മോന്‍സൺ മാവുങ്കൽ ബലാത്സംഗ കേസ് ഒതുക്കി തീർക്കാൻ ഇടപെട്ടതായി പരാതി