എറണാകുളം: ആലുവ എസ് പി ഓഫിസിന് മുന്നിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം അവസാനിപ്പിച്ചു. നേതൃത്വത്തിന്‍റെ നിർദേശത്തെത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അതേ സമയം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിന് മുന്നിലെ ജനപ്രതിനിധികളഉടെ സമരം തുടരും. തുടര്‍ സമരപരിപാടികള്‍ നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
മൊഫിയ പര്‍വീന്‍റെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സി.ഐ എൽ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പ്രതിഷേധം ശക്തമായതോടെ സി.ഐയെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി ഇന്നലെ രാത്രി (24 നവംബര്‍ 2021) സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ സി.ഐയെ സസ്പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലിയിരുന്നു പ്രവര്‍ത്തകര്‍.
ചൊവ്വാഴ്‌ചയാണ് മൊഫിയ പർവീനെന്ന 21 കാരിയെ ആലുവയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ മരണത്തിന് കാരണം ഭർത്താവ് സുഹൈലും, ഭർത്താവിന്റെ മതാപിതാക്കളുമാണെന്ന് ആത്മഹത്യാ കുറിപ്പിൽ യുവതി കുറിച്ചിരുന്നു. ഗാര്‍ഹിക പീഡന പരാതിയുമായി എത്തിയപ്പോള്‍ മോശമായി പെരുമാറിയ സി.ഐ സുധീറിനെതിരെയും ആത്മഹത്യക്കുറിപ്പിൽ ആരോപണമുണ്ടായിരുന്നു.
ALSO READ : Mofia Parvin death| കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം 24-ാം മണിക്കൂറിലേക്ക്; സി.ഐ സര്‍വീസില്‍ തന്നെ
സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഡിവൈ.എസ്.പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.