കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനായി തെരഞ്ഞെടുത്ത കമ്പനികൾക്ക് നഗരസഭ കൗൺസിൽ ഇന്ന് അംഗീകാരം നൽകും. ഇതിന് ശേഷം ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫെസിനും, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസിനുമാണ് ഫ്ലാറ്റുകൾ പൊളിക്കാൻ കരാർ നൽകാന്‍ തീരുമാനമായിരിക്കുന്നത്.
ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച രൂപരേഖ 10 ദിവസത്തിനുള്ളിൽ തെരഞ്ഞെടുക്കപ്പെട്ട കമ്പനികൾ സർക്കാരിന് സമർപ്പിക്കണം. സ്ഫോടനം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തി പദ്ധതി സമര്‍പ്പിക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതെന്ന് സബ് കലക്‌ടര്‍ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് പരിസരവാസികളുടെ ആശങ്കകൾ അകറ്റുന്നതാണ് നഗരസഭയുടെ പ്രധാന വെല്ലുവിളി. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ പരിസരവാസികളുമായി പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും പ്രദേശവാസികൾ സബ് കലക്‌ടര്‍ക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പരിസര പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ നൂറുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ നഗരസഭ ആലോചിക്കുന്നതായാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കകളും വേണ്ടെന്നും 100 മീറ്ററിനുള്ളിൽ മാത്രമേ പൊടിശല്യം പോലും ഉണ്ടാകുകയുള്ളൂവെന്നും സർക്കാർ നിയോഗിച്ച വിദഗ്‌ധ എഞ്ചിനീയര്‍ ബി. ശരത് സര്‍വതെ പറഞ്ഞു.